അനധികൃത ഹജ്ജ്: തടവും 24 മണിക്കൂറിനകം ശിക്ഷാ വിധിയും തിരിച്ചയച്ചത് 188,747 പേരെ
മക്ക: അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടി 24 മണിക്കൂറിനുള്ളില്‍ ശിക്ഷാ വിധികള്‍ പ്രഖ്യാപിക്കുമെന്ന് സഊദി അധികൃതര്‍. അനുമതി പത്രം ഇല്ലാതെ മക്കയിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരെ നിയമ ലംഘകരായി കണക്കാക്കി 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നു ജയില്‍ ഡയറക്ടറേറ്റ് വിദേശ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ അന്‍സി വ്യക്തമാക്കി. ഇങ്ങനെ വിധിക്കുന്ന ശിക്ഷകള്‍ക്ക് അപ്പീല്‍ പോകാന്‍ സാധിക്കില്ലെന്നും ഇവര്‍ അറിയിച്ചു.
സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയായിരിക്കും ഇക്കാര്യത്തില്‍ വിധി കേള്‍പ്പിക്കുക. പിടിക്കപ്പെടുന്നവരെ വിധി പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ തന്നെ മക്കയിലുള്ള സുമേഷി തടവ് കേന്ദ്രത്തിലേക്ക് മാറ്റും.
അനധികൃത ഹജ്ജിനെതിരേ കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തെ തന്നെ രംഗത്തുണ്ട്. എല്ലാ ചെക് പോയിന്റുകളിലും കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. ഹജ്ജ് പെര്‍മിറ്റോ മക്ക ജവാസാത്ത് നല്‍കുന്ന താമസ രേഖയോ ഇല്ലാത്ത ഒരാളെയും കടത്തി വിടുന്നില്ല. അധികൃതരുടെ കണ്ണ് വെട്ടിച്ചു കടക്കുന്നവരെ പിടികൂടുക തന്നെ ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസയം, അനധികൃതമായി ഹജ്ജിനെത്തിയ രണ്ടു ലക്ഷത്തോളം ആളുകളെ ചെക് പോയിന്റുകളില്‍ നിന്നും തിരിച്ചയച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിവിധ ചെക് പോയിന്റുകള്‍ 188,747 പേരെ കഴിഞ്ഞ ദിവസം വരെ തിരിച്ചയച്ചതായി മക്ക പൊലിസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സഈദ് അല്‍ ഖര്‍നി പറഞ്ഞു. 48 ബസുകളിലായി പെര്‍മിറ്റില്ലാതെ വന്നവരും ഇതിലുണ്ട്. പരിശോധനക്കായി 109 സെക്യൂരിറ്റി സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതിനിടെ, സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കുന്നതിനായി തായിഫിലെ അല്‍ ഹദ മലയുടെ മുകളിലൂടെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് വിദേശ അറബ് വംശജരെ വ്യോമ നിരീക്ഷണ വിഭാഗം പിടികൂടി. മെഡിക്കല്‍ പരിശോധനക്ക് ശേഷം ഇവരെ പാസ്‌പോര്‍ട്ട് വിഭാഗത്തിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."