സ്വാശ്രയ കോളേജ്: ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് അപാകതകളും ഫീസ് വര്‍ധനവും അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കി.
ഈ വര്‍ഷത്തെ മെഡിക്കല്‍-ഡെന്റല്‍ വിദ്യാര്‍ഥികളുടെ ഫീസ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ ഗുരുതരമായ അപാകതകളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ തീരുമാനം മെറിറ്റ് നേടിയ പാവപ്പെട്ട വിദ്യാര്‍ഥികളെപ്പോലും ബാധിക്കും എന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫീസില്‍ ഒറ്റയടിക്കു 65,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ 2.5 ലക്ഷം രൂപ വീതം അഞ്ചുവര്‍ഷം അടയ്‌ക്കേണ്ടിവരും. കേരള മെറിറ്റിലും നീറ്റിലും ഉള്ള വിദ്യാര്‍ഥികളില്‍ നിന്ന് രണ്ടു വിധത്തില്‍ ഫീസ് വാങ്ങുന്നത് പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പല കോളജുകളിലും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം ജെയിംസ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിമാറ്റി. എന്‍.ആര്‍.ഐ ക്വാട്ടയിലെ വിദ്യാര്‍ഥികളില്‍ നിന്നും ഹൈക്കോടതിയുടെയും സുപ്രിം കോടതിയുടെയും നിര്‍ദേശങ്ങള്‍ മറികടന്ന് തലവരിപ്പണം വാങ്ങി പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കിയിരിക്കുകയാണ്. പ്രശ്‌നം കൂടുതല്‍ വഷളാകാതെ പരിഹാരം കാണാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."