അഭയാര്‍ഥിയെ ചവിട്ടിവീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ കേസ്
ബുഡാപെസ്റ്റ്: കഴിഞ്ഞ വര്‍ഷം അഭയാര്‍ഥികളെ വീഴ്ത്തി ചിത്രമെടുത്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ ഹംഗറി കേസെടുത്തു. തെക്കന്‍ ഹംഗറിയിലെ സൈബീരിയന്‍ അതിര്‍ത്തിയിലായിരുന്നു എന്‍1 ടി.വിയുടെ കാമറാ പേഴ്സണ്‍ പെട്ര ലസ്ലോയുടെ നടപടി. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥിയെ ചവിട്ടിവീഴ്ത്തിയാണ് ഇവര്‍ ദൃശ്യം ചിത്രീകരിച്ചത്. മാധ്യമപ്രവര്‍ത്തകയുടെ നടപടിയ്ക്കെതിരേ മാധ്യമലോകത്ത് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയെയും യുവാവിനെയുമാണ് ഇത്തരത്തില്‍ പെട്ര വീഴ്ത്തിയിരുന്നത്.
യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധിയുടെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തക വീണ അഭയാര്‍ഥികളെ ചവിട്ടിയതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പ്രോസിക്യൂട്ടേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ വംശീയ അധിക്ഷേപത്തിനുള്ള തെളിവ് ലഭിക്കാത്തതിനാല്‍ ഈ വകുപ്പ് ചുമത്തിയിട്ടില്ല. തന്റെ നടപടിയില്‍ മാപ്പു ചോദിക്കുന്നതായി മാധ്യമപ്രവര്‍ത്തക മറ്റൊരു ദിനപത്രത്തിനോട് പറഞ്ഞിരുന്നു. താന്‍ ഹൃദയമില്ലാത്തവളല്ലെന്നും വംശീയവാദിയല്ലെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ചെറിയ കുട്ടികളുടെ മാതാവാണ് താനെന്നും വിവാദത്തിനു പിന്നാലെ മാധ്യമസ്ഥാപനം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും അവര്‍ പറഞ്ഞു. കുട്ടിയെ എടുത്ത യുവാവിനെ ഇവര്‍ ചവിട്ടിയിട്ടില്ലെന്നും വിഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നുമാണ് പെട്രയുടെ അഭിഭാഷകന് വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."