ഇതര സംസ്ഥാന താരങ്ങളെ കേരളത്തിനായി ഇറക്കുന്നത് പൂള്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ട്: ടി.സി. മാത്യു
തിരുവനന്തപുരം: ഇതര സംസ്ഥാന താരങ്ങളെ രഞ്ജിയില്‍ കേരളത്തിനായി ഇറക്കുന്നത് പൂള്‍ സ്ഥാനക്കയറ്റം ലക്ഷ്യമിട്ടെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.14 വര്‍ഷമായി കേരളം ഏറ്റവും താഴെയുള്ള സി പൂളിലാണ് കളിക്കുന്നത്. സ്വന്തം താരങ്ങളെ വച്ച് എ,ബി പൂളില്‍ കടക്കാന്‍ കഴിയാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ജലജ് സക്‌സേന, ഇക്ബാല്‍ മുഹമ്മദ്, ഭവിന്‍ താക്കര്‍ എന്നീ ഇതര സംസ്ഥാന താരങ്ങളെ കേരള ടീമില്‍ എത്തിച്ചത്.
സ്ഥിരമായി താഴെ തട്ടിലുള്ള പൂളില്‍ കളിച്ചാല്‍ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ പ്രവേശിക്കുന്നതിനടക്കമുള്ള അവസരവും നഷ്ടമാകും. ചാംപ്യന്‍മാരാകാനുള്ള വഴിയും അടയുകയാണ്. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും വിക്കറ്റെടുത്ത താരങ്ങളിലൊരാളായ മോനീഷ് ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പെടാതെ പോയത് കേരളം സി പൂളിലായതിനാലാണ്. ഇതര സംസ്ഥാന താരങ്ങളെ കളിപ്പിച്ച വിദര്‍ഭ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന താരങ്ങളെ കളിപ്പിക്കുന്നതുകൊണ്ട് കേരള താരങ്ങളുടെ അവസരം നഷ്ടമാകില്ല.
16 അംഗ ടീമാണ് കേളത്തിന്റേത്. ഒന്‍പത് മത്സരങ്ങള്‍ സംസ്ഥാനത്തിനുണ്ട്. ഈ മത്സരത്തില്‍ താരങ്ങളെ മാറി ഉപയോഗിക്കാന്‍ കഴിയും. പരിശീലനത്തില്‍ കണ്‍സള്‍ട്ടന്റെന്ന നിലയില്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നത് ആലോചിക്കും.
രോഹിത് ക്യാപ്റ്റനായി തുടരും. സഞ്ജു സാംസണ്‍ യുവതാരമാണ്. ഇനിയും അവസരമുണ്ട്. ദീര്‍ഘകാലത്തേക്ക് ക്യാപ്റ്റന്‍സി വഹിക്കാന്‍ പ്രാപ്തനാക്കുമ്പോള്‍ അദ്ദേഹത്തെ ആ ചുമതലയേല്‍പ്പിക്കും. ഈ വര്‍ഷംതന്നെ അന്താരാഷ്ട്ര ഏകദിന മത്സരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഐ.പി.എല്ലിനുള്‍പ്പെടെ സ്റ്റേഡിയം വേദിയാകും. ഗ്രീന്‍ഫീല്‍ഡ് ടെസ്റ്റിനും അനുയോജ്യമാണെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം മേധാവി പ്രകാശ് ദീക്ഷിത് ബി.സി.സി.ഐക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്റ്റേഡിയം സന്ദര്‍ശിച്ച ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരവും ഐ.സി.സി മാച്ച് റഫറിയുമായ ഡേവിഡ് ബൂണിനും ഇതേ അഭിപ്രായമാണ്. ഇനിയും ചില സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ബൂണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് നടപടി സ്വീകരിക്കും.
ഈ സാഹചര്യത്തില്‍ 12ന് കെ.സി.എയും, നടത്തിപ്പുകാരായ ഐ.എല്‍.ആന്‍ഡ്എഫ്.എസ്സുമായി ധാരണാപത്രം ഒപ്പുവക്കും. ഒരോ മത്സരങ്ങളിലെയും വരുമാനവീതം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിലുണ്ടാകുമെന്നും മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."