അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
ഏഷ്യ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ആവേശകരമായ വിജയമാണ് സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 37 പന്തിൽ പുറത്താവാതെ 47 റൺസ് നേടിയാണ് ഇന്ത്യൻ ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇപ്പോൾ സൂര്യകുമാർ യാദവിന്റെ ഈ തകർപ്പൻ പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സ്പിന്നർമാർക്കെതിരെ മികച്ച സ്വീപ്പ് ഷോട്ടുകൾ സൂര്യകുമാർ കളിച്ചുവെന്നും സ്‌കൈ ലോകോത്തര താരമാണെന്നുമാണ് കാർത്തിക് പറഞ്ഞത്.
"ഫാസ്റ്റ് ബൗളർമാരെ അദ്ദേഹം നേരിടുന്നത് ഞങ്ങൾ എപ്പോഴും കാണാറുണ്ട്. എന്നാൽ പാകിസ്താനെതിരെ സ്പിന്നർമാർക്കെതിരെ എത്ര മികച്ചവനാണ് താനെന്ന് കാണിക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. മികച്ച സ്വീപ്പ് ഷോട്ടുകളും കട്ട് ഷോട്ടുകൾ കളിക്കാനും അദ്ദേഹത്തിന് സാധിച്ചു. അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല'' ദിനേശ് കാർത്തിക് ക്രിക് ബാസിലൂടെ പറഞ്ഞു.
അതേസമയം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റന് പുറമെ 13 പന്തിൽ നാല് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 31 റൺസ് നേടി അഭിഷേക് ശർമയും 31 പന്തിൽ 31 നേടിയ തിലക് വർമ്മയും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. മത്സരത്തിൽ കുൽദീപ് യാദവിന്റെ മികച്ച ബൗളിംഗ് കരുത്തിലാണ് പാകിസ്താനെ ഇന്ത്യ കുറഞ്ഞ ടോട്ടലിൽ ഒതുക്കിയത്. അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വീതം വിക്കറ്റുകളും ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും നേടി തിളങ്ങി.
നിലവിൽ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തു തന്നെയാണ്. രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും, ഒരു വിജയവുമായി പാകിസ്താനാണ് രണ്ടാമത്. ഏഷ്യ കപ്പിലെ ഇന്ത്യയുടെ അടുത്ത മത്സരം സെപ്റ്റംബർ 19ന് ഒമാനെതിരെയാണ്.
Former Indian player Dinesh Karthik has praised Indian captain Suryakumar Yadav for his excellent performance in the Asia Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."