കല്യാണ്‍ സില്‍ക്ക്‌സ് എം.ഡിയോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
തൃശൂര്‍: വനിതാ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ കല്യാണ്‍ സില്‍ക്ക്‌സ് എം.ഡിയോട് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. പ്രശ്‌നം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് കമ്മിഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ നിര്‍ദേശം നല്‍കി. തൊഴിലാളി സംഘടനയില്‍ ചേര്‍ന്നതിന്റെ പേരില്‍ മാനേജ്‌മെന്റ് വിവേചനം കാട്ടുകയും കുടിവെള്ളം, യൂനിഫോം, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുളള സൗകര്യം, വെളിച്ചം എന്നിവ നിഷേധിച്ച് ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വനിതാ തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങില്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് വേതനം നല്‍കുന്നില്ലെന്ന പരാതിയില്‍ കമ്മിഷന്‍ ജയില്‍ ഡി.ജി.പിയോട് വിശദീകരണം തേടി. തടവുകാര്‍ക്ക് അര്‍ഹമായ വേതനം സമയബന്ധിതമായി നല്‍കണമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. പാലിയേക്കര ടോള്‍ബൂത്ത് കേന്ദ്രീകരിച്ച് യാത്രക്കാരെ ദ്രോഹിക്കുന്നുവെന്ന് കാട്ടി ടോള്‍ പിരിവിന്റെ ചുമതലയുളള ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറോട് വിസദീകരണം തേടി.
സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്കും നാഷനല്‍ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വായ്പ അടച്ച് തീര്‍ത്തിട്ടും നിയമാനുസൃത പലിശയിളവ് നല്‍കാത്ത എസ്.ബി.ടി ചാലക്കുടി ബ്രാഞ്ച് മാനേജര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയില്‍ വിശദീകരണം നല്‍കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്കും എസ്.ബി.ടി മാനേജര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. പൊതു നിരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അനിയന്ത്രിതമായി സ്ഥാപിക്കുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. മൊത്തം 90 പരാതികളാണ് പരിഗണിച്ചത്. 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്റെ അടുത്ത സിറ്റിങ് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ സെപ്റ്റംബര്‍ 30 ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."