മാരകകീടനാശിനികള്ക്കെതിരേ നടപടിയുണ്ടാകുമെന്ന് കൃഷിവകുപ്പ്
കഞ്ചിക്കോട്: വിഷമുക്ത പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും പരമാവധി ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ മാരകകീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാന്‍ കൃഷി വകുപ്പിന്റെ പ്രചാരണവും നടപടികളും സജീവമാകുന്നു.
എല്ലാ കീടനാശിനി വിതരണ വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടിസൈഡ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കും. നിരോധിത കീടനാശിനികളോ വില്‍പ്പനയ്ക്ക് ലൈസന്‍സ് നല്കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുള്ള ശിക്ഷാനടപടി കൈക്കൊള്ളും. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം അംഗീകാരമില്ലാത്ത കീടനാശിനികള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതും രണ്ടു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കീടനാശിനികള്‍ കൃഷി ഓഫിസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍നിന്നും കര്‍ഷകര്‍ക്ക് വില്‍പ്പന നടത്തുവാന്‍ പാടുള്ളൂ.
ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ കൃഷി ഡയറക്ടര്‍ നിര്‍ദേശം നല്കി.
അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇതിനു പുറമെ സംസ്ഥാനതല വിജിലന്‍സ് സ്ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ, കര്‍ഷകസമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യാനും കൃഷിയിടങ്ങളില്‍ നേരിട്ട് വിളപരീക്ഷണങ്ങളും ഡമോണ്‍സ്ട്രേഷനുകളും നടത്താനും പാടില്ല.
40 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ച് രാസകീടനാശിനികളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും.
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികളെ കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പ്പനക്കാര്‍ക്കും അവബോധം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."