യോഗ നടപടികള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ആദ്യ ജില്ലയാകാന്‍ കാസര്‍കോട് തദ്ദേശ സ്ഥാപനം ഓണ്‍ലൈന്‍
യോഗ നടപടിക്കുറിപ്പുകള്‍ തത്സമയം കംപ്യൂട്ടര്‍ വഴി രേഖപ്പെടുത്തും
പദ്ധതിക്കായി ഉപയോഗിക്കുന്നത് 'സകര്‍മ്മ' എന്ന സോഫ്റ്റ്‌വെയര്‍
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന യോഗ നടപടികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍. കിലയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യോഗ നടപടിക്കുറിപ്പുകള്‍ തത്സമയം കംപ്യൂട്ടര്‍ വഴി രേഖപ്പെടുത്തും. 'സകര്‍മ്മ' എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ 'സകര്‍മ്മ' സോഫ്റ്റ് വെയര്‍ മുഖാന്തിരം അജണ്ട തീരുമാനിക്കുന്നതു മുതല്‍ യോഗ നടപടികള്‍ വരെയുളള കാര്യങ്ങള്‍ ചെയ്തു തുടങ്ങി.
മറ്റു പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഈ മാസം തന്നെ സംവിധാനം നിലവില്‍ വരും. ഇതോടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ യോഗനടപടികള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറ്റുന്ന ആദ്യജില്ല എന്ന ബഹുമതി കാസര്‍കോടിന് സ്വന്തമാകും.
മുഴുവന്‍ ഗ്രാമപഞ്ചായത്തുകളുടേയും അക്കൗണ്ടുകളും ഡിജിറ്റല്‍ സംവിധാനത്തിലാക്കിയ ജില്ല എന്ന നേട്ടവും കാസര്‍കോടിന് സ്വന്തമായിരുന്നു. പദ്ധതിയുടെ ആദ്യപടിയായി പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് ലോഗിന്‍ നല്‍കും.
തുടര്‍ന്ന് ഉദ്യോഗസ്ഥരും അംഗങ്ങളും ചര്‍ച്ച ചെയ്യാനുളള വിഷയങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ സോഫ്റ്റ് വെയറില്‍ എത്തിക്കും. സെക്രട്ടറി അവ ഓണ്‍ലൈനായി പരിശോധിച്ച് അജണ്ട കുറിപ്പ് സഹിതം പ്രസിഡന്റിനു നല്‍കും. പ്രസിഡന്റ് ഇത് അവലോകനം ചെയ്ത് യോഗ തിയതി നിശ്ചയിക്കും. യോഗ അറിയിപ്പും മുഴുവന്‍ അജണ്ട കുറിപ്പും എല്ലാ അംഗങ്ങള്‍ക്കും നല്‍കും. അവരുടെ ലോഗിനില്‍ കയറിയാല്‍ ഇതു കാണാന്‍ കഴിയുന്ന വിധത്തിലാണു സംവിധാനം. ഈ സോഫ്റ്റ് വെയറിലൂടെതന്നെ യോഗസ്ഥലത്ത് വച്ച് തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയും എല്ലാ അംഗങ്ങള്‍ക്കും ഇത് തങ്ങളുടെ മൊബൈലിലൂടെ കാണാനും കഴിയും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും പഞ്ചായത്തിന്റെ എല്ലാ യോഗതീരുമാനങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാകും.
കലക്ടറേറ്റ്, അജാനൂര്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശീലനത്തിന് പഞ്ചായത്ത് അസി. ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ സി ശ്യാമള, കോഴ്‌സ് കോര്‍ഡിനേറ്റര്‍ അലക്‌സാണ്ടര്‍, പഞ്ചായത്ത് സെക്രട്ടറിമാരായ എം ഗംഗാധരന്‍ നായര്‍, എം കണ്ണന്‍ നായര്‍, ബി എന്‍ സുരേഷ്, സി ജയന്‍, പരിശീലകരായ എസ് എന്‍ പ്രമോദ്, ജയപ്രകാശ്, മന്‍ഷിദ എന്നിവര്‍ നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുഖ്യാതിഥിയായി.കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ എ.എ ജലീല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."