തുഞ്ചത്ത് ജ്വല്ലറി കേസ്: നിക്ഷേപകരും ഏജന്റുമാരും ആശയക്കുഴപ്പത്തില്‍
തിരൂര്‍: തുഞ്ചത്ത് ജ്വല്ലേഴ്‌സിന്റെ സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ പണം മുടക്കിയവരും സ്വര്‍ണം പണയംവെച്ചവരും ആശയക്കുഴപ്പത്തില്‍. നിക്ഷേപസംരംഭം പൊട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും മാനേജ്‌മെന്റ് പണവും സ്വര്‍ണാഭരണങ്ങളും നിക്ഷേപകര്‍ക്കു തിരികെ നല്‍കാന്‍ തയാറാകാത്തതിനാല്‍ ഒരു വിഭാഗം ഏജന്റുമാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷനേതാവിനും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനു തൊട്ടുപിന്നാലെ മാനേജ്‌മെന്റ് പ്രതിനിധികള്‍ മൂന്നുമാസത്തിനകം മുഴുവന്‍ നിക്ഷേപകര്‍ക്കും പണംതിരികെ നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ ഏതു തീയതിക്കു പണം നല്‍കുമെന്ന് ഉറപ്പുപറയാത്തതിനാല്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണു നിക്ഷേപകര്‍. കേസിനു പോയാല്‍ പണം അടുത്തിടെയൊന്നും കിട്ടില്ലെന്ന് ഒരു വിഭാഗം നടത്തുന്ന വ്യാപക പ്രചാരണവും ഏജന്റുമാരെയും നിക്ഷേപകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കമ്പനി എം.ഡിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ് ബാധ്യത തീര്‍ക്കാന്‍ സമയം അനുവദിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണു കമ്പനി ഡയറക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ഒട്ടുമിക്ക ഏജന്റുമാരും നിക്ഷേപകരും ഇതിനെ ആധികാരിക അറിയിപ്പായി കണക്കാക്കാന്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞമാസം പത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്നു മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും അതു പാലിക്കപ്പെടാത്തതും അനിശ്ചിതത്വം തുടരുന്നതുമാണ് അവിശ്വാസത്തിനും ആശയക്കുഴപ്പത്തിനും കാരണം.
ഈ സാഹചര്യത്തില്‍ മൂന്നുമാസമെന്ന കാലയളവിനുള്ളില്‍ നിക്ഷേപകര്‍ക്കു പണം നല്‍കാമെന്ന ഉറപ്പ് എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കുമെന്നാണ് ഏജന്റുമാരും നിക്ഷേപകരും ചോദിക്കുന്നത്. ഇതിനു മാനേജ്‌മെന്റ് ഡയറക്ടര്‍മാര്‍ നേരിട്ടെത്തി വ്യക്തമായി മറുപടി പറയാത്തതും പൊലിസ് തന്ത്രപരമായ മൗനം തുടരുന്നതും ദൂരൂഹമാണെന്നും ഏജന്റുമാര്‍ പറയുന്നു.
നിക്ഷേപകര്‍ രേഖാമൂലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ പരിശോധിച്ചു പണം അനുവദിക്കാനുള്ള നടപടികളെടുക്കുമെന്ന് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കിയതു പ്രകാരം അയ്യായിരത്തിലധികം നിക്ഷേപകര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അതുസംബന്ധിച്ച് ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇതിനിടെ കമ്പനി എം.ഡിയുടെ ഉടമസ്ഥതയിലുള്ള ഭൂമികളും മറ്റ് ആസ്തികളും വില്‍പ്പനയ്ക്ക് വെച്ചേക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."