സമൂഹമാധ്യമങ്ങളിൽ പൊലിസിനു മൂക്കുകയറിടാൻ ആഭ്യന്തരവകുപ്പ്; ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടും
കണ്ണൂർ: പൊലിസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ ഇടപെടലുകൾക്കു മൂക്കുകയറിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെയാണ് സേനയിലെ ഭരണവിരുദ്ധ മനോഭാവമുള്ളവരെ പൂട്ടാനുമുള്ള ആഭ്യന്തരവകുപ്പിന്റെ പുറപ്പാട്. ഇതിനു മുന്നോടിയായി പൊലിസ് ഉദ്യോഗസ്ഥർ അംഗങ്ങളായ മുഴുവൻ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും വിവരങ്ങൾ നൽകാൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നാളുകൾക്കുമുമ്പ് ഡി.ജി.പി നിർദേശം നൽകിയിരുന്നു.
വിവരശേഖരണത്തിനായുള്ള ഫോം പത്തനംതിട്ട പൊലിസ് മേധാവി ദിവസങ്ങൾക്കുമുമ്പ് കീഴുദ്യോഗസ്ഥർക്കു നൽകിയിരുന്നു. കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ പൊലിസ് മേധാവിയും വിവരശേഖരണത്തിനുള്ള ഗൂഗ്ൾ ഫോം നൽകി. കണ്ണൂരിൽ ഗൂഗ്ൾ ഫോം പൂരിപ്പിച്ചു നൽകേണ്ട അവസാന തീയതി നാളെയാണ്. സിവിൽ പൊലിസ് ഓഫിസർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാർവരെയുള്ളവരാണ് വിവരങ്ങൾ നൽകേണ്ടത്. സി.ഐ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം ബാധകമല്ല.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ത്രെഡ്‌സ്, എക്‌സ് തുടങ്ങി ഏതൊക്കെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അംഗമാണെന്നതും ഏതെല്ലാം വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻ ആണെന്നതും ഫോമിൽ വ്യക്തമാക്കണം. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇടപെടുമ്പോൾ സേനയ്ക്കു ബാധകമായ പെരുമാറ്റച്ചട്ടം പാലിക്കുമെന്നും തന്റെ അഭിപ്രായപ്രകടനങ്ങൾ സേനയുടെ പ്രതിച്ഛായയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമുള്ള സത്യവാങ്മൂലവും ഇതിനൊപ്പം നൽകണം.
പൊലിസുകാർ നൽകുന്ന ഗൂഗ്ൾ ഫോമിന്റെ പകർപ്പ് അതത് സ്‌റ്റേഷനുകളിൽ സൂക്ഷിക്കണമെന്നും കണ്ണൂർ പൊലിസ് മേധാവിയുടെ ഉത്തരവിലുണ്ട്. തെറ്റായ വിവരങ്ങൾ നൽകുന്ന ഉദ്യേഗസ്ഥർക്കെതിരേ വകുപ്പുതല നടപടി ഉൾപ്പെടെ ഉണ്ടാവുമെന്നും അറിയുന്നു. ആഭ്യന്തരവകുപ്പിന്റെ നീക്കം വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതും സ്വകാര്യതാ ലംഘനവുമാണെന്ന് സേനയിലെ ഭൂരിപക്ഷം അംഗങ്ങളും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."