മരാമത്തു പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം പൊതുമരാമത്ത് വകുപ്പില്‍ ഭരണാനുമതി നല്‍കിയ എസ്.എല്‍.ടി.എഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയേതര പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ മന്ത്രി ഉത്തരവിട്ടു. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് വേണ്ടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന പ്രവൃത്തികളാണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഴിമതികള്‍ കണ്ടെത്താന്‍ മന്ത്രിസഭ രൂപീകരിച്ച സബ്കമ്മിറ്റി ഇതു സംബന്ധിച്ച പരിശോധനകള്‍ തുടരും. ജനപ്രതിനിധികളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിവേദനങ്ങളും പരിഗണിച്ചാണ് മരാമത്ത് പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനു ഉത്തരവ് നല്‍കിയിരിക്കുന്നത്.
ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍, ആവശ്യകത, പ്ലാന്‍ പ്രവൃത്തികളുമായുള്ള ഓവര്‍ലാപ്പിങ് എന്നിവ സംബന്ധിച്ചു ധനകാര്യ വകുപ്പിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍, മരാമത്ത് വിജിലന്‍സ് വിഭാഗം, ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എന്നിവരുടെ വിശദമായ പരിശോധനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ നിര്‍വഹണഘട്ടത്തിലും, പൂര്‍ത്തീകരണത്തിന് ശേഷവും പരിശോധന നടക്കും.
ഈ വ്യവസ്ഥകള്‍ അനുസരിച്ച് 2015-16 വര്‍ഷത്തേക്കുള്ള ബജറ്റ് തുക ഉപയോഗിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു നല്‍കിയതും, പരിശോധനയ്ക്കായി താല്‍ക്കാലികമായി നിര്‍ത്തി വച്ചതുമായ എസ്.എല്‍.ടി.എഫ് പ്രവൃത്തികളാണ് പുനരാരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം സുതാര്യമായി പ്രവൃത്തികളുടെ അടിയന്തര സ്വഭാവവും ആവശ്യകതയും ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് 2016-17 ലേക്കുള്ള അറ്റകുറ്റപ്പണികള്‍ക്കുള്ള 366 കോടി രൂപ ഓരോ ജില്ലയ്ക്കും അനുവദിച്ചത്. തകര്‍ന്ന് ശോചനീയാവസ്ഥയിലുള്ള റോഡുകള്‍, അറ്റകുറ്റപ്പണികളിലൂടെ ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മരാമത്ത് മന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."