രണ്ട് ന്യൂനമർദ്ദങ്ങളും ശക്തിപ്പെട്ടു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure - WML) മാറിയിരിക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദവും ശക്തി കൂടിയ ന്യൂനമർദമായി തുടരുകയാണ്.ഈ ന്യൂനമർദ്ദങ്ങളുടെ ഫലമായി കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ബുധനാഴ്ച) നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് അലർട്ടുള്ള പത്തനംതിട്ടയ്ക്കുമാണ് അവധി.
അവധിയുള്ള ജില്ലകൾ:
- പത്തനംതിട്ട: സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
- മലപ്പുറം: പ്രൊഫഷണൽ കോളജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- പാലക്കാട്: കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നവോദയ സ്കൂളുകൾ, റസിഡൻസ് സ്കൂളുകൾ, കോളജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്.
- ഇടുക്കി: പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
മഴ മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും
കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഈ മാസം 24 വരെ വിലക്ക് തുടരും. ഇന്ന് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മഴ ശക്തമാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കും. ഇടിയില്ലാത്ത സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ചാറ്റൽ മഴ തുടർച്ചയായി ലഭിക്കുമെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും.
കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും തീരദേശ ആന്ധ്രാ പ്രദേശിലും തെക്കൻ ഉൾനാടൻ കർണാടകയിലും മഴ ശക്തിപ്പെടും. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ നിലവിലെ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."