നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ
ന്യൂഡൽഹി: ഉമർഖാലിന്റെ അമരാവതി പ്രസംഗം സമാധാനപരവും ഗാന്ധിയൻ പ്രസംഗവുമാണെന്നും അതിനാൽ ഈ പ്രസംഗം ക്രിമിനൽ ഗൂഢാലോചനയോ ഭീകരവാദമോ ആക്കി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതിയിൽ വാദത്തിനിടെയാണ് സിബൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗാന്ധിജി ചെയ്തതുപോലെ അഹിംസാത്മകമായ നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കണക്കാക്കാനാവില്ല.
അക്രമത്തിന് തങ്ങൾ അക്രമം കൊണ്ട് മറുപടി നൽകില്ല, തങ്ങൾ സ്‌നേഹത്തോടെ വെറുപ്പിനെ നേരിടുമെന്നാണ് ഉമർ ഖാലിദ് പറയുന്നതെന്നും സിബൽ വ്യക്തമാക്കി. ഇത്തരം പ്രസംഗത്തിന് യു.എ.പി.എ ചുമത്തിയാൽ, നമ്മിൽ പലരും ജയിലിൽ പോകാൻ ബാധ്യസ്ഥരായിരിക്കും. ഒരു അക്കാദമിക വിദഗ്ധൻ വിചാരണകൂടാതെ വർഷങ്ങളോളം ജയിലിൽ കിടക്കുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ്. രാജ്യത്തുടനീളം റെയിൽ തടയൽ, വാഹനം തടയൽ പ്രക്ഷോഭങ്ങൾ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ഉമർ ഖാലിദ് നേരിട്ട് അക്രമത്തിൽ പങ്കെടുത്തെന്ന ആരോപണമില്ല.
പ്രസംഗവും അഡ്മിൻ പോലുമല്ലാത്ത ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമാകലും മാത്രമാണ് ഏക ആരോപണം. ഉമർ ഖാലിദ് ഇതിനകം അഞ്ച് വർഷത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞുവെന്നും സിബൽ വാദിച്ചു. അതിനിടെ, കേസിലെ പ്രതികളിലൊരാളായ ഷർജീൽ ഇമാം നടത്തിയ ചില പ്രസംഗങ്ങളെ സുപ്രിംകോടതി ചോദ്യം ചെയ്തു. ഈ പ്രസംഗങ്ങൾ യു.എ.പി.എ അനുസരിച്ചുള്ള പ്രകോപനപരവും ഭീകരപ്രവർത്തനങ്ങളുമാകില്ലെന്ന് പറയാൻ കഴിയുമോയെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
senior lawyer kapil sibal said umarkhal’s amravati speech is peaceful and gandhian, and therefore cannot be interpreted as criminal conspiracy or terrorism
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."