സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി
ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ തടയുന്നതിനും ടെലികോം സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമെന്ന് അവകാശപ്പെട്ട് രൂപകൽപ്പന ചെയ്ത സഞ്ചാർ സാഥി ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമെന്ന കടുത്ത നിലപാടിൽനിന്നുള്ള കേന്ദ്ര സർക്കാരിന്റെ പിൻമാറ്റം ഇതേകുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നു. ഉപയോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയാത്ത തരത്തിൽ എല്ലാ മൊബൈൽ ഫോൺ നിർമാണ കമ്പനികളും ഈ ആപ്പ് പ്രീഇൻസ്റ്റാൾ ചെയ്യണമെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ടെക്ക് ഭീമൻ ആപ്പിൾ നിർദേശം തള്ളുകയും ചെയ്തതോടെയാണ്, കേന്ദ്രത്തിന്റെ പിൻമാറ്റം. സൈബർ തട്ടിപ്പുകൾ പ്രതിരോധിക്കാനാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പുറത്തിറക്കിയ ആപ്പ്, യഥാർഥത്തിൽ പൗരന്മാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുമെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് ശക്തിപകരുന്നതാണ് ആപ്പിളിന്റെ നടപടി. പ്രീൻ ലോഡ് ചെയ്യില്ലെന്ന ആപ്പിളിന്റെ നിലപാട് കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ പാർലമെന്റിലും പുറത്തും ഇതുസംബന്ധിച്ച് പ്രതിപക്ഷം സംശയവും പ്രതിഷേധവും ഉയർത്തി സഞ്ചാർ സാഥി രഹസ്യാന്വേഷണ ആപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പൗരന്മാർക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. സർക്കാർ പരിശോധിക്കാതെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സന്ദേശങ്ങൾ അയക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കണം. സർക്കാർ ഇന്ത്യയെ എല്ലാ രൂപത്തിലും ഒരു സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റുകയാണ്. തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനും ഇന്ത്യയിലെ ഓരോ പൗരനും അവരുടെ ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് സർക്കാർ നിരീക്ഷിക്കുന്നതിനും ഇടയിൽ വളരെ നേർത്ത രേഖയാണുള്ളത്. തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിന് ഫലപ്രദമായ ഒരു സംവിധാനം ഉണ്ടായിരിക്കണം. സൈബർ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ ഇതെക്കുറിച്ച് വളരെ ദീർഘമായി ചർച്ച ചെയ്തിട്ടുണ്ട്. സൈബർ സുരക്ഷയുടെ ആവശ്യകതയുണ്ടെന്നത് എല്ലാ പൗരന്റെയും ഫോണിലേക്ക് ഒളിഞ്ഞുനോക്കാൻ നിങ്ങൾക്ക് ഒരു ഒഴികഴിവ് നൽകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
ടെലകോം ഡിപ്പാർട്ടുമെന്റിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ പ്രതിപാദിച്ചിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് സ്വകാര്യതയ്ക്കുള്ള അവകാശം. നീക്കം ചെയ്യാൻ കഴിയാത്ത മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത സർക്കാർ ആപ്പ് ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാണ്. ഓരോ പൗരന്റെയും ഓരോ ചലനവും ഇടപെടലും തീരുമാനവും നിരീക്ഷിക്കാനുള്ള ഒരു മാർഗമാണിത്. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ നിരന്തരമായ ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയുടെ ഭാഗമാണിത്. ഇത് തുടരാൻ അനുവദിക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ സഞ്ചാർ സാഥിയിലുണ്ടെന്നും ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നതിന് മുമ്പ് ആ ഫോൺ മോഷ്ടിക്കപ്പെട്ടതാണോ, അതിന്റെ ഐ.എം.ഇ.ഐ കരിമ്പട്ടികയിൽപ്പെടുത്തിയതാണോയെന്നെല്ലാം പരിശോധിക്കാൻ സംവിധാനമുണ്ടെന്നുമാണ് ആപ്പിന്റെ മേൻമയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദം. ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ റിപ്പോർട്ട് ചെയ്യാം. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിശ്വസനീയമായ കോൺടാക്റ്റ് വിവരങ്ങൾ ആക്‌സസ് ചെയ്യാം. ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശകോളുകൾ ലഭിച്ചാലും റിപ്പോർട്ട് ചെയ്യാമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വാണിജ്യ സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യാനും ഹാക്കിങ് ലക്ഷ്യത്തോടെയുള്ള വെബ് ലിങ്കുകൾ റിപ്പോർട്ട് ചെയ്യാനുമുള്ള സംവിധാനവുമുണ്ട്. തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ലിങ്കുകൾ, ഉപകരണ ക്ലോണിങ് ശ്രമങ്ങൾ, എസ്.എം.എസ്, വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിതരണം ചെയ്യുന്ന മറ്റ് മാൽവെയറുകൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തെ ഓരോ പൗരന്റെയും ഡിജിറ്റൽ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്ന് സിന്ധ്യ വ്യക്തമാക്കി. ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യത സംരക്ഷിക്കാനും ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാനും പ്രാപ്തരാക്കുക എന്നതാണ് സഞ്ചാർ സാഥി ആപ്പിന്റെ ലക്ഷ്യമെന്നും സിന്ധ്യ പറഞ്ഞു.
sanchar saathi: the government’s withdrawal strengthens suspicion; apple’s action has put the centre on the defensive.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."