കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്
മംഗളൂരു: അനധികൃതമായി കന്നുകാലികളെ കടത്തിയെന്നാരോപിച്ച് മലയാളിയെ വെടിവെച്ച് കർണാടക പൊലിസ്. കർണാടക പുത്തൂരിന് സമീപം പൂത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈശ്വരമംഗലത്താണ് സംഭവം. കാസർകോട് സ്വദേശി അബ്ദുല്ല (40) യ്ക്കാണ് വെടിയേറ്റത്. കാലിന് പരുക്കേറ്റ അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
ഇന്ന് പുലർച്ചെയാണ് സംഭവം. മിനി ട്രക്കിൽ കന്നുകാലികളുടെ പോവുകയായിരുന്ന അബ്ദുല്ലയോട് പരിശോധനയുടെ ഭാഗമായി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പോയ ഇയാളെ പൊലിസ് പിന്തുടർന്നു. ഇതിനിടെ മിനി ട്രക്ക് പൊലിസ് വാഹനത്തിൽ ഇടിപ്പിച്ചു. തുടർന്ന് പൊലിസ് വെടിയുതിർക്കുകയായിരുന്നു.
പൊലിസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെ ഒരു വെടി അബ്ദുല്ലയുടെ കാലിൽ തറക്കുകയായിരുന്നു. പത്ത് കിലോമീറ്ററോളം പിന്തുടർന്നാണ് പൊലിസ് ഇയാളെ പിടികൂടിയത്. പരുക്കേറ്റ ഇയാളെ ചികിത്സക്കായി മംഗലാപുരത്തെ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗോവധ നിരോധന നിയമപ്രകാരം കർണാടക പൊലിസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ കർണാടക സർക്കാറിന്റെ പശുസംരക്ഷണ നിയമപ്രകാരവും കേസെടുക്കുമെന്ന് കർണാടക പൊലീസ് അറിയിച്ചു. അതേസമയം, ബെല്ലാരെ പൊലിസ് സ്റ്റേഷനിൽ ഗോവധ നിയമപ്രകാരം അബ്ദുല്ലയ്ക്കെതിരെ മുൻപ് സമാന കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."