ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ഡ്രൈവറായ ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. യുവാവിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും മദ്യം കുടിക്കാൻ നിർബന്ധിക്കുകയും മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഭിന്ദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരയുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു. ദലിത് യുവാവ് പ്രതികളിലൊരാളായ ദത്താവലി ഗ്രാമവാസിയായ സോനു ബറുവ (22) യുടെ ഡ്രൈവറായി മുമ്പ് ജോലി ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഇര ഇവിടുത്തെ ജോലി ഉപേക്ഷിച്ചിരുന്നു. ജോലിക്ക് മടങ്ങി എത്തണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ യുവാവിനെ വന്ന് കണ്ടിരുന്നു. എന്നാൽ താത്പര്യമില്ലെന്ന് അറിയിച്ചതോടെ യുവാവിനെ തട്ടികൊണ്ട് പോവുകയായിരുന്നു.
തിങ്കളാഴ്ച രാത്രി, ബറുവയും കൂട്ടാളികളായ അലോക് പഥക് (40), ഛോട്ടു ഓജ (27) എന്നിവരും ഗ്രാമത്തിലെത്തി യുവാവിനെ സുർപുര എന്ന ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ അയാളെ മർദ്ദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. പിന്നാലെ ബലം പ്രയോഗിച്ച് മൂത്രവും കുടിപ്പിച്ചു. ശേഷം അർദ്ധബോധാവസ്ഥയിൽ യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ഭിന്ദ് ജില്ലാ ആശുപത്രിയിൽ യുവാവിനെ പരുക്കുകളോടെ പ്രവേശിപ്പിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നതിനു പിന്നാലെ അഡീഷണൽ എസ്പി സഞ്ജീവ് പഥക്കും കളക്ടർ കിരോഡി ലാൽ മീണയും യുവാവിനെ ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാ പരിശോധനകളും ഉടൻ പൂർത്തിയാക്കി നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ആശുപത്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ കിരോഡി ലാൽ മീണ പറഞ്ഞു.
ഐപിസി വകുപ്പ് പ്രകാരം ആക്രമണം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായും എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ചേർത്തതായും പൊലിസ് പറഞ്ഞു. ഇരയുടെ വൈദ്യപരിശോധന നടത്തി, റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കും തുടർനടപടികൾ എന്ന് പൊലിസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായാണ് വിവരം. എല്ലാവരും ഒരേ സമുദായത്തിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."