ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി
ബെംഗളൂരു: രാഷ്ട്രീയ സേവാ സംഘം (ആർഎസ്‌എസ്) സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് കർണാടക സർക്കാർ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു. ഹിന്ദു സംഘടനയായ ആർഎസുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരായ സംസ്ഥാനത്തിന്റെ നടപടിയുടെ ഭാഗമാണ് സസ്‌പെൻഷൻ. പ്രീ-മെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ പാചക സഹായിയായി ജോലി ചെയ്തിരുന്ന കരാർ സ്റ്റാഫ് അംഗം പ്രമോദിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്.
ബസവകല്യാണിൽ നടന്ന ആർഎസ്‌എസ് പഥസഞ്ചലനിൽ പ്രമോദ് ആർഎസ്എസ് യൂണിഫോമിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. കർണാടകയിലെ സർവീസ് നിയമങ്ങൾ പ്രകാരം, സർക്കാർ ശമ്പളപ്പട്ടികയിലുള്ള ജീവനക്കാർ സ്വകാര്യ സംഘടനകളുമായോ അവരുടെ പരിപാടികളുമായോ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് വിലക്കുണ്ടെന്ന് കോൺഗ്രസ് ഭരിക്കുന്ന കർണാടക പ്രത്യേകം അറിയിച്ചിരുന്നു. വിലക്ക് ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർഎസ്എസ് പരിപാടികളിൽ പങ്കടുക്കാൻ അനുമതി നിലനിൽക്കെയാണ് കർണാടക സർക്കാർ തീരുമാനം.
ബസവകല്യാണിൽ നടന്ന പഥസഞ്ചലനിൽ 20-ലധികം സർക്കാർ ജീവനക്കാർ പങ്കെടുത്തതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ഹോസ്റ്റൽ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതോടെ, പരിപാടിയിൽ പങ്കെടുത്ത് ഫോട്ടോ പങ്കുവെച്ച മറ്റ് സർക്കാർ ജീവനക്കാരും ആശങ്കയിലാണ്. വൈകാതെ ഇവർക്കെതിരെയും നടപടി വന്നേക്കും.
സിരാവറിൽ നടന്ന സമാനമായ ഒരു ആർഎസ്‌എസ് മാർച്ചിൽ പങ്കെടുത്തതിന് റായ്ച്ചൂർ ജില്ലയിലെ പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാർ കെപിയെ സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ഒരാളെ കൂടി സസ്‌പെൻഡ് ചെയ്തത്. ആർഎസ്‌എസ് യൂണിഫോമിൽ, ഒരു വടിയുമായി റൂട്ട് മാർച്ചിൽ പങ്കെടുത്തത് സംസ്ഥാന ജീവനക്കാരുടെ പെരുമാറ്റച്ചട്ട ലംഘനമായാണ് സർക്കാർ കണക്കാക്കുന്നത്.
ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിനെ തുടർന്നാണ് അച്ചടക്ക നടപടികൾ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."