കൊടുംക്രൂരത കുഞ്ഞുങ്ങളോടു വേണ്ട
ആധുനികകാലത്തെ ക്രൂരരായ ഭരണാധികാരികളിലൊരാളായി ചരിത്രം രേഖപ്പെടുത്താവുന്ന വ്യക്തിയാണു സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ്. അഞ്ചുവര്‍ഷമായി സിറയയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ മുഖ്യകാരണക്കാരന്‍ അസദാണ്. അമിതാധികാരത്തിന്റെ പ്രമത്തതയില്‍ വാഴുന്ന ഈ ഭരണാധികാരിക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നതു റഷ്യയുമാണ്.
സിറിയയിലെ അലപ്പോവില്‍ ഈ മാസം രണ്ടാംതവണയാണ് അസദിന്റെ സൈന്യം രാസായുധപ്രയോഗം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ രാസായുധപ്രയോഗത്തില്‍ നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ കൈകാലിട്ടടിക്കുന്ന ദയനീയദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജോണ്‍ സണുമായി വിമതനേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുമ്പോഴാണ് ഇപ്പോഴത്തെ രാസായുധപ്രയോഗം.
സമാധാനശ്രമങ്ങളുണ്ടാകുമ്പോഴൊക്കെ അതു തകര്‍ക്കാന്‍ അസദിന്റെ സൈന്യം കരുതിക്കൂട്ടി സിറിയയില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സമാധാനച്ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണു സൈന്യം സിറിയയിലെ സാധാരണജനങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ബോംബുവര്‍ഷിച്ചത്. 50 പേരാണ് അന്നു കൊല്ലപ്പെട്ടത്. ഫെബ്രുവരിയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കാറ്റില്‍പ്പറത്തി കുഞ്ഞുങ്ങളുള്‍പ്പെടെയുള്ളവരെ നിഷ്‌കരുണം കൊന്നൊടുക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് അലപ്പോവില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ രാസായുധപ്രയോഗം. 2014 ലും 2015 ലും ഇതേപോലെ രാസായുധപ്രയോഗം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭ ഇതു കണ്ടെത്തുകയും ചെയ്തതാണ്.
അഞ്ചുവര്‍ഷത്തിലധികമായി സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ മൂന്നുലക്ഷത്തോളമാളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളായി അന്യരാജ്യങ്ങളില്‍ അലയുകയുമാണ്. ഒരുനേരത്തെയെങ്കിലും ഭക്ഷണം കിട്ടാനും അന്തിയുറങ്ങാനും ലക്ഷക്കണക്കിനു കുഞ്ഞുങ്ങളാണു തെരുവില്‍ അലയുന്നത്. യൂനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നത് യുദ്ധവും പട്ടിണിയും കാരണം അഞ്ചുകോടി കുഞ്ഞുങ്ങള്‍ അഭയാര്‍ഥികളായിത്തീര്‍ന്നിട്ടുണ്ടെന്നാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട പിഞ്ചുബാല്യങ്ങള്‍ രക്ഷയ്ക്കായി അന്യനാടുകളില്‍ അഭയാര്‍ഥികളായി കഴിയുന്നതു കരളലിയിക്കുന്ന കാഴ്ചയാണ്.
പത്തുവര്‍ഷത്തിനിടെ അഭയാര്‍ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. തുര്‍ക്കിയുടെ കടല്‍ത്തീരത്തു വന്നടിഞ്ഞ, ശാന്തമായി ഉറങ്ങുന്നതുപോലെയുള്ള ഐലാന്‍ കുര്‍ദിയുടെ ഇളംമേനിയുടെ ചിത്രവും അസദിന്റെ സൈന്യത്തിന്റെ ബോംബേറില്‍ ചോരയില്‍ കുളിച്ച മുഖവുമായി നിര്‍വികാരതയോടെ ഇരുന്ന ഇംറാന്‍ ദഖ്‌നീശിന്റെ മുഖവും അലിവു ശേഷിക്കുന്നവരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ടാകണം. ദശലക്ഷക്കണിനു കുഞ്ഞുങ്ങള്‍ ഇതേപോലെ കരുണയറ്റ ഭരണാധികാരികളുടെ ദുരാഗ്രഹത്തിന്റെ ഇരകളായി ഒടുങ്ങിക്കൊണ്ടിരിക്കുന്നു.
യുദ്ധത്തിന്റെ ഭീകരത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും അതേസമയം നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തിട്ടും ക്രൂരരായ ഭരണാധികാരികള്‍ വിനാശകരമായ യുദ്ധങ്ങളില്‍നിന്നു പിന്തിരിയുന്നില്ല. എല്ലാ ക്രൂരതകളും നടത്തിയശേഷം മാപ്പപേക്ഷകളുമായി രാഷ്ട്രങ്ങള്‍ കയറിയിറങ്ങുന്ന സാമ്രാജ്യത്വശക്തികള്‍ ഇപ്പോഴത്തേതുപോലെ വരുംകാലങ്ങളിലും മാപ്പപേക്ഷയുമായി പ്രത്യക്ഷപ്പെടാതിരിക്കില്ല. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിക്കുശേഷം നടന്ന ആഭ്യന്തരയുദ്ധത്തില്‍ ഇടപെടുകയും ധാരാളംപേരെ കൊന്നൊടുക്കുകയും ചെയ്തതിന്റെപേരില്‍ കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കുമ്പസരിച്ചത്.
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടു ഒരു ജനതയെ മുഴുവന്‍ നാമാവശേഷമാക്കിയതിന്റെ പേരിലും ഈയിടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഒബാമ മാപ്പുചോദിച്ചു. ഇപ്പോഴിതാ വിയറ്റ്‌നാമിലെ ലാവോസില്‍ 1964 നും 1973 നും ഇടയില്‍ വര്‍ഷിച്ച ക്ലസ്റ്റര്‍ബോംബുകളുടെ പേരില്‍ ഒബാമ വിയറ്റ്‌നാം ജനതയോടു മാപ്പുചോദിച്ചിരിക്കുന്നു. 28.8 കോടി ക്ലസ്റ്റര്‍ ബോംബുകളാണ് അമേരിക്ക വിയറ്റ്‌നാമില്‍ വര്‍ഷിച്ചത്. പൊട്ടാത്ത ബോംബുകള്‍ കളിക്കോപ്പുകളാണെന്നു കരുതി കൈയിലെടുത്ത പിഞ്ചുകുഞ്ഞുങ്ങള്‍ ബോംബുകള്‍ക്കൊപ്പം ചിന്നിച്ചിതറുകയായിരുന്നു. നാല്‍പ്പതുവര്‍ഷമായി യുദ്ധത്തിന്റെ കെടുതികളുമായി ജീവിക്കുകയാണു വിയറ്റ്‌നാം ജനത.
എല്ലാം കഴിഞ്ഞശേഷം മാപ്പപേക്ഷകളുമായി ഇരയാക്കപ്പെട്ട രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങുന്നതിലെന്തര്‍ഥം. ജീവിതത്തിന്റെ സുന്ദരനിമിഷങ്ങളെയും സൗഭാഗ്യങ്ങളെയും തൊട്ടറിയുംമുന്‍പ് പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിന്റെ വായിലേയ്ക്കു വലിച്ചെറിയുന്ന യുദ്ധക്കൊതിയന്മാരായ ഭരണാധികാരികള്‍ക്കു നഷ്ടബാല്യങ്ങളെയും അവരുടെ നഷ്ടപ്പെട്ട രക്ഷിതാക്കളെയും പിറന്ന മണ്ണിനെയും തിരിച്ചുനല്‍കാനാകുമോ.
കാലമേറെ കഴിയുമ്പോള്‍ അന്നത്തെ റഷ്യന്‍ ഭരണാധികാരിയും ഇന്നു ഒബാമ ചെയ്യുന്നപോലെ സിറിയന്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതിനു മാപ്പപേക്ഷയുമായി വരുമായിരിക്കും. സമാധാനചര്‍ച്ചകള്‍ക്കു തുരങ്കംവയ്ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സിറിയന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ലോകമനഃസാക്ഷി ഉണരേണ്ടിയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന അസദിന്റെ ഭരണകൂടത്തിനെതിരേ ഐക്യരാഷ്ട്രസഭയ്ക്കു ധീരമായ നടപടികളെടുക്കാനാവുന്നില്ല. ഐക്യരാഷ്ട്രസഭ കൂട്ടിലടച്ച തത്തയാണെന്നതു സുവിദിതവുമാണ്. 2.8 കോടി കുഞ്ഞുങ്ങള്‍ പാര്‍പ്പിടങ്ങളില്‍നിന്നു കുടിയിറക്കപ്പെടുമ്പോള്‍, 200 അഭയാര്‍ഥികളില്‍ ഒരാള്‍ പിഞ്ചുകുട്ടിയാകുമ്പോള്‍ അവരുടെ നിലവിളികള്‍ കാണാതെപോകുന്നതു പരിഷ്‌കൃതസമൂഹത്തോടു ബശാറുല്‍ അസദിനെപ്പോലുള്ള ഭരണാധികാരികള്‍ നടത്തുന്ന വെല്ലുവിളിയാണ്.
സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിക്കാന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സിറിയന്‍ പ്രതിപക്ഷവും തുര്‍ക്കി, യു.എസ് സഊദി അറേബ്യ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ച ശുഭപര്യവസായിയായി അവസാനിക്കട്ടെ എന്നാഗ്രഹിക്കുക മാത്രമേ കരണീയമായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."