ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല
ഗസ്സ: ഇസ്‌റാഈല്‍ തിരികെ നല്‍കിയ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഏറെയും ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടവര്‍. പല മൃതദേഹങ്ങളിലും ആന്തരികാവയവങ്ങൾ കാണാനില്ല. അവയവമാറ്റ മാഫിയകള്‍ക്ക് ഇവ കൈമാറിയെന്ന സംശയവും ബലപ്പെടുകയാണ്. മൃതദേഹങ്ങളില്‍ ചിലതില്‍ അടിവസ്ത്രങ്ങള്‍ മാത്രമേയുള്ളൂ. ചിലത് സിവില്‍ വസ്ത്രങ്ങള്‍ ധരിച്ച നിലയിലാണ്. പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിട്ടുണ്ട്. ക്രൂര മര്‍ദനത്തിന് ഇരയായ പാടുകളും കാണാം. കൈകള്‍ പിന്നിലേക്ക് ബന്ധിക്കപ്പെട്ട നിലയിലാണ് കൂടുതല്‍ മൃതദേഹങ്ങളും. ചിലരുടെ കഴുത്തില്‍ വസ്ത്രം മുറിക്കി കൊലപ്പെടുത്തിയ നിലയിലുമാണ്. ഗസ്സ ആരോഗ്യ വകുപ്പ് പുറത്തുവിട്ട നൂറുകണക്കിന് ചിത്രങ്ങള്‍ പ്രകാരം മൃതദേഹങ്ങളില്‍ ക്രൂരമായ പീഡനത്തിന്റെ പാടുകള്‍ കാണാം.
195 മൃതദേഹങ്ങളാണ് ഇസ്‌റാഈല്‍ ഗസ്സയിലേക്ക് അയച്ചത്. ഇവ ഗസ്സയിലെ അല്‍നാസര്‍ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം പോലും ഗസ്സ ആശുപത്രിയിലില്ല. നിലവിലുള്ള മോര്‍ച്ചറിയിലെ ഫ്രീസര്‍ എപ്പോഴും നിറഞ്ഞ അവസ്ഥയിലാണ്. ഇവിടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഡി.എന്‍.എ ടെസ്റ്റുകള്‍ നടത്തി മൃതദേഹം തിരിച്ചറിയാന്‍ പോലുമുള്ള സാഹചര്യം അല്‍ നാസര്‍ ആശുപത്രിയില്‍ പരിമിതമാണ്. ഏതു രീതിയിലാണ് കൊല്ലപ്പെട്ടവര്‍ ക്രൂര പീഡനം ഏറ്റുവാങ്ങിയതെന്ന് അറിയാന്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഇവിടെ കുറവാണെന്ന് ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്‌റ്റോറേജ് ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഫൊറന്‍സിക് മെഡിസിന്‍ മേധാവി ഡോ. അഹ്‍മദ് ദെയ്ര്‍ പറയുന്നു.
അൽ നാസര്‍ ആശുപത്രിയില്‍ ഫൊറന്‍സിക് പരിശോധനയുടെ പ്രാഥമിക കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യാനാകൂന്നത്. കൂടുതല്‍ ആഴത്തിലുള്ള പരിശോധന നടന്നാലേ മരണ കാരണം ഉള്‍പ്പെടെ വിവരങ്ങള്‍ ലഭിക്കൂ. പരുക്കുകളുടെ സ്വഭാവം, പഴക്കം തുടങ്ങിയവയും ആന്തരികാവയങ്ങളുടെ രാസപരിശോധന ഫലവും ലഭിക്കാന്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ സംവിധാനമില്ല.
11 ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് ഇസ്‌റാഈലിന് കൈമാറിയത്. താന്‍സാനിയന്‍, തായ്‌ലന്റ് പൗരന്മാരുടെ രണ്ടു മൃതദേഹങ്ങളും ഇസ്‌റാഈല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം ഹമാസ് വിട്ടുകൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."