ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി
കൊച്ചി: സ്‌കൂള്‍ യൂനിഫോമിനൊപ്പം തലമറക്കുന്ന തട്ടം (ഹിജാബ്) ധരിക്കാമോ എന്ന നിര്‍ണായക ചോദ്യം ബാക്കിയാക്കി സംസ്ഥാനത്താകെ പുകഞ്ഞുപിടിച്ച ഹിജാബ് വിവാദത്തിന് പരിസമാപ്തി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന്റെ നടപടി ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നുമുള്ള വിദ്യാഭ്യാസ ഉപഡയരക്ടറുടെ റിപ്പോര്‍ട്ട് കോടതി റദ്ദാക്കിയിട്ടില്ല. ഇതോടെ, പന്ത് ഇപ്പോള്‍ സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് താനും. യൂനിഫോമിന്റെ കൂടെ തലമറയ്ക്കുന്ന തട്ടം ധരിക്കുന്നത് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ ഭാവിയില്‍ മറ്റൊരു കുട്ടിക്കും അപമാനം നേരിടേണ്ടി വരികയുമില്ല.
കോടതി വിധിയെ തുടര്‍ന്ന് എല്ലാവരും വിജയം അവകാശപ്പെടുകയാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ തന്റെ കുട്ടിയെ പ്രസ്തുത സ്‌കൂളില്‍ നിന്ന് മാറ്റുകയാണെന്ന പിതാവിന്റെ നിലപാടിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥിനിയെ മാറ്റുമെന്ന് ഒരാഴ്ച മുമ്പുതന്നെ പിതാവ് അറിയിച്ചിരുന്നു. വിവാദത്തിന് ശേഷം കുട്ടി സ്‌കൂളില്‍ പോയിട്ടുമില്ല. ഈ വിഷയത്തില്‍ കോടതിയുടെ നിലപാട് അറിഞ്ഞതിനുശേഷം, സ്‌കൂള്‍ മാറ്റല്‍ നടപടിയിലേക്ക് കടക്കുമെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈയര്‍ഥത്തില്‍ വിജയം കുട്ടിയുടെ പിതാവിനൊപ്പമാണ്. എന്നാല്‍, ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയെ പ്രവേശിപ്പിക്കില്ല എന്ന നിലപാടില്‍ നിന്ന് സ്‌കൂള്‍ പിന്നോക്കം പോയില്ല എന്നതിനാല്‍ വിജയം തങ്ങള്‍ക്കാണെന്ന വിലയിരുത്തലിലാണ് തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളും.
ഹിജാബ് ധരിക്കല്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് ഇന്നലെ കോടതിയിലും ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍, ഈ ആവശ്യം ഇത്തരം സ്‌കൂളുകളിലും ഉയര്‍ന്നുവരാം. അത് നിരസിക്കപ്പെട്ടാല്‍ വിവാദമായി മാറുകയും ചെയ്യും. പള്ളുരുത്തി വിഷയത്തില്‍ സമൂഹത്തില്‍ കടുത്ത ഭിന്നതയുണ്ടാക്കുന്നതിന് തീവ്രശ്രമമാണ് നടന്നത്. എന്‍.ഡി.എ മുന്നണി ഘടകകക്ഷിയായ പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ പി.ടി.എ പ്രസിഡന്റ് എരിതീയില്‍ എണ്ണയൊഴിക്കും പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇനിയുമുണ്ടാകാം. അതിനാല്‍, വിഷയത്തിന് സമഗ്ര പരിഹാരം നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇനി ആവശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."