വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗബാധയേറ്റത്. കോളറയെ തുടര്‍ന്ന് ഒരു മരണവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മെയ് മാസം ആലപ്പുഴ സ്വദേശിയായ 48 കാരന് കോളറ ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. അതിന് മുന്‍പ് ഏപ്രിലില്‍ തിരുവനന്തപുരത്ത് കവടിയാര്‍ സ്വദേശിയായ യുവാവും മരണപ്പെട്ടിരുന്നു. മരണ ശേഷമാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
തുടരുന്ന കോളറ; ജാഗ്രത പാലിക്കാം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുണ്ട്. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും, ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയാണ് രോഗം പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങൾ.
A new case of cholera has been reported in Kerala, affecting a resident of Kakkanad, Ernakulam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."