രാഹുല്‍ ഹൈക്കോടതിയെ സമീപിക്കും; മുന്‍കൂര്‍ ജാമ്യത്തിന് അപ്പീല്‍ നല്‍കും
തിരുവനന്തപുരം: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ ഹരജി നല്‍കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക.
ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹരജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലിസ്. ഇതിനിടെ രാഹുലിന്റെ ഫോണ്‍ ഓണായതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുലിനെ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് നടപടി.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടേയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു.എ.ഐ.സി.സിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്നും സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് എതിരേ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം രാത്രി തന്നെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടിയിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് നടപടിയിലൂടെ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. കേസില്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ബലാത്സംഗക്കേസില്‍ ഗുരുതര പരാമര്‍ശങ്ങളാണ് രാഹുലിനെതിരേ പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സീല്‍ ചെയ്ത കവറിലുള്ള പൊലിസ് റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികളും തെളിവുകളും നല്‍കി. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലിസ് കോടതിക്ക് കൈമാറി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ പുതിയ കേസെടുത്തു. തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നു കാണിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനു യുവതി നല്‍കിയ പരാതി കെ.പി.സി.സി അധ്യക്ഷന്‍ ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."