ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ ഇരവാദം നടത്തുകയാണെന്ന് പൊലിസ്; ആക്ടിവിസ്റ്റുകളുടെ ജാമ്യത്തെ എതിര്‍ത്ത് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരേ (സി.എ.എ) പ്രക്ഷോഭം നയിച്ചവരെ ലക്ഷ്യംവച്ച് 2020ല്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകളുടെ ജാമ്യത്തെ എതിര്‍ത്ത് പൊലിസ്. കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് അടിസ്ഥാനമില്ലെന്നും ദീര്‍ഘകാലം ജയിലില്‍ കഴിയുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ 'ഇരവാദം' നടത്തുകയാണെന്നും ഡല്‍ഹി പൊലിസ് ആരോപിച്ചു. ദുരുദ്ദേശ്യപരമായ കാരണങ്ങളാല്‍ വിചാരണ ആരംഭിക്കുന്നത് നീണ്ടുപോകാന്‍ ഹരജിക്കാര്‍ തന്നെയാണ് ഉത്തരവാദികളെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൊലിസ് വാദിച്ചു.
ഉമര്‍ഖാലിദിനെക്കൂടാതെ കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാഉര്‍റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍ എന്നിവരും നല്‍കിയ ഹരജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് മുമ്പാകെയാണുള്ളത്.
രാജ്യത്തിന്റെ സ്വാധീനത്തെയും ഐക്യത്തെയും തകര്‍ക്കാനാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. ചെറിയ കൂട്ടായ്മകളെ സായുധ കലാപത്തിലേക്ക് തള്ളിവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ സാമുദായിക സൗഹൃദം തകര്‍ക്കാനും പൊതുശാന്തി തകര്‍ക്കാനും മാത്രമല്ല, ആയുധ കലാപം പ്രേരിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. ഇന്ത്യയിലാകെ ഈ ഗൂഢാലോചന നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇത്തരമൊരു ഗുരുതര കുറ്റത്തിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നുമാണ് പൊലിസ് സത്യവാങ്മൂലത്തിലുള്ളത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."