ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍
ന്യൂഡല്‍ഹി/ ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനുശേഷം ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ സൈനിക ശക്തിപ്രകടനം 'ത്രിശൂല്‍' ആരംഭിച്ച അറബിക്കടലില്‍ തന്നെ ലൈവ്-ഫയര്‍ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍. നവംബര്‍ 2 മുതല്‍ 5 വരെ വടക്കന്‍ അറബിക്കടലില്‍ ഏകദേശം 6,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ അഭ്യാസം നടത്തുമെന്നാണ് പാക് നാവിക അധികൃതര്‍ പറഞ്ഞിരിക്കുന്നത്. യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും കൂടാതെ 40,000 സൈനികരുമായി ഇന്ത്യ 'ത്രിശൂല്‍' സൈനികാഭ്യാസം നടത്തുന്ന അതേ ജലപാതയിലാണ് പാകിസ്താനും നാവികാഭ്യാസം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജസ്ഥാന്‍, ഗുജറാത്ത്, അറേബ്യന്‍ കടല്‍ എന്നിവിടങ്ങളില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നു,. ഇന്ത്യ ഇതാരംഭിച്ച് 48 മണിക്കൂറായപ്പോഴേക്കും പാകിസ്താന്‍ സൈനികാഭ്യാസം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ മധ്യ, തെക്കന്‍ പാകിസ്താനിലൂടെയുള്ള വ്യോമപാതകള്‍ നിയന്ത്രിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. വടക്കന്‍ അറബിക്കടല്‍ മേഖലയിലെ ഇന്ത്യയുടെയും പാകിസ്താന്റെയും സമുദ്ര പ്രദേശങ്ങള്‍ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഓപറേഷന്‍ സിന്ദൂറില്‍ പാകിസ്താനുമായുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലിനുശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാന ശക്തി പ്രകടനമാണ് 'ത്രിശൂല്‍'. ഒക്ടോബര്‍ 30ന് ആരംഭിച്ച സൈനികാഭ്യാസം നവംബര്‍ 10 വരെ നീളും. ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നിവ തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനങ്ങളും പരസ്പര പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ് അഭ്യാസം ലക്ഷ്യമിടുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടുത്തിടെ സന്ദര്‍ശിച്ച റാന്‍ ഓഫ് കച്ച്, സിര്‍ ക്രീക്ക് മേഖലകളിലാണ് പ്രധാനമായും സൈനിക ശക്തിപ്രകടനം. സൈനികാഭ്യാസം നടക്കുന്ന മേഖലകളില്‍ 28,000 അടിക്ക് താഴെ പറക്കുന്ന വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
india has launched its massive joint military exercise ‘trishul’ across rajasthan, gujarat, and the arabian sea involving 40,000 troops, warships, submarines, and aircraft. soon after, pakistan announced live-fire naval drills in the northern arabian sea from november 2 to 5, close to india’s exercise area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."