വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധനനിയമപ്രകാരം, മതംമാറ്റത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് ജയിലിലടക്കപ്പെട്ട വ്യക്തിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാനും അറസ്റ്റ്‌ചെയ്യപ്പെട്ട വ്യക്തിയെ എത്രയും വേഗം മോചിപ്പിക്കാനും ജഡ്ജിമാരായ അബ്ദുല്‍ മുഈന്‍, ബബിത റാണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാരിന്റെ പക്കല്‍നിന്ന് പാരിതോഷികം കിട്ടാനായി പൊലിസുകാര്‍ പരസ്പരം മത്സരിക്കുന്നതിനുള്ള തെളിവാണ് ഈ കേസെന്ന ശക്തമായ നിരീക്ഷണവും ഡിവിഷന്‍ ബെഞ്ച് നടത്തി.
 
തന്റെ ഭാര്യ വന്ദന വര്‍മ്മയെ ഉബൈദ് ഖാന്‍ എന്ന യുവാവ് തട്ടികൊണ്ടുപോയി എന്നാരോപിച്ച് പങ്കജ് കുമാര്‍ വര്‍മ്മ നല്‍കിയ പരാതിയാണ് കേസ്സിന്നാധാരം. പരാതിയില്‍ തടഞ്ഞുവയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പ് പ്രകാരവും പിന്നീട് കടുത്ത വകുപ്പുകളുള്ള മതപരിവര്‍ത്തന നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉബൈദിനെ അറസ്റ്റ്‌ചെയ്ത് റിമാന്‍ഡില്‍ വിട്ടു. ഇതിനിടെ മടങ്ങിയെത്തിയ വന്ദന, ഭര്‍തൃപീഡനം സഹിക്കവയ്യാതെ താന്‍ സ്വമേധയാ വീട് വിടുകയായിരുന്നുവെന്ന് പൊലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. ഭര്‍ത്താവ് പതിവായി മര്‍ദ്ദിക്കുകയാണെന്നും യാതൊരു മതപരിവര്‍ത്തന ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മജിസ്‌ട്രേറ്റ് മുമ്പാകെയും വന്ദന ഇക്കാര്യം ആവര്‍ത്തിച്ചു. 
ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട പൊലിസ് അതിനിശതമായാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. എഫ്.ഐ.ആറിനെ 'വേദനാജനകം' എന്ന് വിശേഷിപ്പിച്ച കോടതി, വ്യത്യസ്ത സമയങ്ങളിലായി രേഖപ്പെടുത്തിയ വന്ദനയുടെ മൊഴികളില്‍ തട്ടിക്കൊണ്ടുപോകലോ മതപരിവര്‍ത്തനമോ ബലപ്രയോഗമോ കാണുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരത്തിന് വിധിച്ചത്. വന്ദനയുടെ മൊഴി ലഭിച്ച ഉടന്‍ തന്നെ കേസ് റദ്ദാക്കി പ്രതിയെ മോചിപ്പിക്കണമായിരുന്നുവെന്നും എന്നാല്‍ അതിന് ശേഷവും യുവാവ് ജയിലില്‍ തന്നെ തുടര്‍ന്നെന്നും കോടതി പറഞ്ഞു.
മതപരിവര്‍ത്തന നിയമത്തിന് കീഴിലുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെങ്കിലും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അത് നടപ്പാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നടപ്പാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടെന്നുംകോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."