അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ കുറ്റവാളികളെ വെറുതെവിട്ടതില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. സ്‌ഫോടനക്കേസിലെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അജ്മീര്‍ ദര്‍ഗ ഷരീഫിലെ സേവകന്‍ സയ്യിദ് സര്‍വാര്‍ ചിഷ്തി നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്‌ഫോടകവസ്തു നിയമം എന്നീ കുറ്റങ്ങളില്‍നിന്നുള്‍പ്പെടെ ഏഴുപേരെയും വെറുതെ വിട്ട് 2022 മെയ് നാലിനാണ് ഹൈക്കോടതി വിധി പറഞ്ഞത്.
രാജ്യത്തെ ഏറ്റവും വലിയ മുസ്‌ലിം തീര്‍ത്ഥാടനകേന്ദ്രമായ സൂഫീ നേതാവ് ഖാജാ മുഈനുദ്ദീന്‍ ചിശ്ച്തി അന്ത്യ വിശ്രമംകൊള്ളുന്ന അജ്മീരിലെ ദര്‍ഗാ ശരീഫിനു സമീപം 2007 ഒക്ടോബര്‍ 11നുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേരാണ് മരിച്ചത്. റമദാനില്‍ നോമ്പുതുറ സമയത്തായിരുന്നു സംഫോടനം. അയ്യായിരത്തോളം വിശ്വാസികളാണ് ഈ സമയം ദര്‍ഗയില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ നിരോധിത സംഘടന സിമിയും ഇന്ത്യന്‍ മുജാഹിദീനുമാണെന്നാണ് കേസ് ആദ്യം അന്വേഷിച്ച രാജസ്ഥാന്‍ പൊലിസ് പറഞ്ഞത്. എന്‍.ഐ.എ ഏറ്റെടുത്തതോടെയാണ് സംഭവത്തിനു പിന്നിലെ സംഘപരിവാര ഗൂഢാലോചന പുറത്തുവന്നത്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ആണ് സ്‌ഫോടനത്തിനു പിന്നിലെന്നും ആര്‍.എസ്.എസ് ഇവര്‍ക്കു പരിശീലനം നല്‍കിയതായും എന്‍.ഐ.എ ആരോപിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ പ്രവൃത്തികള്‍), സ്‌ഫോടകവസ്തു നിയമത്തിലെ വ്യവസ്ഥകള്‍, യു.എ.പി.എ എന്നിവ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി. പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതാണ് ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്ത്. കേസില്‍ മലയാളിയായ ഉദയ് ഗുരുജി എന്ന സുരേഷ് നായരും, സ്വാമി അസിമാനന്ദയും പ്രതിയാണ്. അജ്മീര്‍ ദര്‍ഗയില്‍ പൊട്ടിക്കാനായി ബോംബ് നല്‍കിയത് സുരേഷ് നായരാണെന്നാണ് കേസന്വേഷിച്ച എന്‍.ഐ.എയുടെ കണ്ടെത്തല്‍. പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍പ്പോയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ സുരേഷ് നായരെ പിടികൂടുന്നവര്‍ക്ക് എന്‍.ഐ.എ രണ്ടുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."