തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ
കുന്നംകുളം: മോഷ്ടിച്ച സ്വർണമാലകളും പണവുമായി തമിഴ്നാട് സ്വദേശിനികളായ യുവതികൾ കുന്നംകുളം പൊലിസിന്റെ പിടിയിലായി. മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകീട്ട് 4.30 ഓടെ മലായ ഗോൾഡ് ജ്വല്ലറിക്ക് മുന്നിൽ സംശയാസ്പദമായി നിൽക്കുന്നതായി കണ്ട ഇവരെ പൊലിസ് ചോദ്യം ചെയ്തു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരുടെ മൊഴികളിൽ പൊലിസിന് സംശയം തോന്നുകയും തുടർന്ന് വനിതാ പൊലിസ് നടത്തിയ പരിശോധനയിൽ ബാഗിലെ പേഴ്സുകളിൽ നിന്ന് മൂന്ന് സ്വർണമാലകളും പണവും രേഖകളും കണ്ടെടുത്തു.
പേഴ്സിൽ കുന്നംകുളം കുറുമാൽ സ്വദേശിനിയുടെ വ്യക്തി രേഖകൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്തുവന്നത്. ഇരുവരും നിരവധി മോഷണക്കേസുകളിലെ പ്രതികളാണെന്നും പൊലിസ് വ്യക്തമാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."