നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) കർശന നടപടി. സംസ്ഥാന ഖജനാവിന് നികുതി അടയ്ക്കാതെ നഷ്ടമുണ്ടാക്കി സർവീസ് നടത്തിയ ബസുകളാണ് കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തത്. നികുതി വെട്ടിപ്പിനു പുറമെ അമിതവേഗം, എയർഹോൺ ഉപയോഗം ഉൾപ്പെടെയുള്ള നിരവധി നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
പ്രധാന നിയമലംഘനങ്ങൾ
നികുതി വെട്ടിപ്പ്: ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിൽ പോലും, സംസ്ഥാനത്ത് സർവീസ് നടത്തുന്നതിന് റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസുകൾ പിടിച്ചെടുത്തത്.
അമിതവേഗം: പല വാഹനങ്ങളും അമിതവേഗത്തിലാണ് നിരത്തിലൂടെ ഓടിച്ചതെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
എയർ ഹോൺ ഉപയോഗം: നിരോധിത എയർ ഹോണുകൾ ഉപയോഗിച്ചതായും കണ്ടെത്തി. രേഖകളിലെ ക്രമക്കേട്: നമ്പർ പ്ലേറ്റുകളിലും വാഹന രേഖകളിലും ക്രമക്കേടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായി.
നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് എറണാകുളം ആർ.ടി.ഒ യുടെയും, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ യുടെയും നേതൃത്വത്തിൽ പരിശോധന നടന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ബസുകൾ കുടുങ്ങിയത്. പിടിച്ചെടുത്ത വാഹനങ്ങൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനായി സംസ്ഥാനത്തുടനീളം സംയുക്ത പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
tax evasion crackdown: kerala mvd seizes 25 interstate tourist buses for operating without paying the required road tax.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."