എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
കൊച്ചി:എറണാകുളം- കെ.എസ്.ആർ ബംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒാൺലൈനായി ഫ്ളാഗ് ഓഫ് ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലൊരുക്കിയ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.രാജീവ്, എം.പിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, കൊച്ചി മേയർ എം.അനിൽ കുമാർ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളും മാധ്യമ പ്രവർത്തകരും പ്രത്യേക ക്ഷണിതാക്കളുമായാണ് കന്നിയാത്രയിൽ എറണാകുളം ജങ്ഷനിൽ നിന്ന് യാത്രതിരിച്ചത്. യാത്രാ മധ്യേ വിവിധ സ്റ്റേഷനുകളിൽ വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
ഉത്തർപ്രദേശിലെ വാരണാസിയിൽ നാല് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഇന്നലെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയിൽ ബുധൻ ഒഴികെ ആറ് ദിവസം സർവിസ് നടത്തും.
8 മണിക്കൂർ 40 മിനുട്ടിൽ യാത്ര പൂർത്തിയാക്കുന്നതോടെ ഇത് യാത്രാ സമയം രണ്ടര മണിക്കൂറിലധികം കുറയ്ക്കും. നവംബർ 11 ന് ആരംഭിക്കുന്ന സാധാരണ സർവിസിലേക്ക് മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."