HOME
DETAILS
MAL
എസ്.ഐ.ആർ; എന്യൂമറേഷൻ ഫോം ഓൺലൈനായും സമർപ്പിക്കാം
Web Desk
November 09, 2025 | 2:28 AM
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനായി (എസ്.ഐ.ആർ) എന്യൂമറേഷൻ ഫോം ഓൺലൈനിൽ സമർപ്പിക്കാനുള്ള സൗകര്യം നിലവിൽ വന്നു. നവംബർ നാലിന് എന്യൂമറേഷൻ ആരംഭിച്ചെങ്കിലും ഓൺലൈൻ സംവിധാനം ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞദിവം രാത്രിയോടെയാണ് സൗകര്യം നിലവിൽ വന്നത്. പ്രവാസികൾ ഉൾപ്പെടെ സ്ഥലത്ത് ഇല്ലാത്തവർക്ക് ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താം.
മൊബൈൽ നമ്പർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചവർക്ക് മാത്രമെ ഓൺലൈനായി ഫോം നൽകാൻ കഴിയൂ. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ 'ഫോം 8' ഉപയോഗിക്കണം. പ്രവാസി വോട്ടർമാരായി റജിസ്റ്റർ ചെയ്തവർക്ക് ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ
voters.eci.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.
വെബ്‌സൈറ്റിന്റെ വലതുവശത്ത് എസ്.ഐ.ആർ 2026ന് താഴെയുള്ള ' Fill Enumeration Form'ൽ ക്ലിക്ക് ചെയ്യുക.
വോട്ടർ ഐ.ഡിയും മൊബൈലിലെത്തുന്ന ഒ.ടി.പിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. പ്രവാസി വോട്ടർമാർ 'ഇന്ത്യൻ ഓവർസീസ് ഇലക്ടർ' തിരഞ്ഞടുക്കുക.
ഹോം പേജിൽ നിന്ന് വീണ്ടും ' Fill Enumeration Form' ഓപ്ഷനെടുക്കുക.
സംസ്ഥാനം തിരഞ്ഞെടുത്ത് വീണ്ടും വോട്ടർ ഐ.ഡി നമ്പർ നൽകുന്നതോടെ പേര്, ബൂത്ത്, സീരിയൽ നമ്പർ തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ കാണാം. ഓൺലൈൻ അപേക്ഷക്ക് ആധാറിലെ പേരും വോട്ടർ ഐ.ഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ബി.എൽ.ഒ വഴി ഫോം നേരിട്ട് നൽകണം.
താഴെ മൊബൈൽ നമ്പർ നൽകി ഒ.ടി.പിയും കൊടുക്കുന്നതോടെ വോട്ടറുടെ പേരും ചിത്രവുമുള്ള എന്യൂമറേഷൻ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
മൊബൈൽ നമ്പർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഫോം 8 വഴി അതിനുള്ള അപേക്ഷ നൽകണം.
ഓരോ ലോഗിൻ വഴിയും അതാത് വോട്ടറുടെ ഫോം മാത്രമെ പൂരിപ്പിക്കാൻ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."