9-ാം ക്ലാസ് വരെ മാത്രം പഠിച്ച യുവതിയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്; 68 ലക്ഷം തട്ടിയ കേസിൽ ഒടുവിൽ വ്യാജ ഡോക്ടർ പിടിയിൽ
പാലക്കാട്: സ്വകാര്യ ആശുപത്രി തുടങ്ങാൻ തന്റെ പാർട്ണറാക്കാമെന്ന വാഗ്ദാനം നൽകി യുവാവിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി രണ്ട് വർഷത്തിന് ശേഷം പൊലിസ് പിടിയിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിലെ മുബീന (35) ആണ് എറണാകുളത്തെ ഒരു ഷോപ്പിങ് മാളിൽ നിന്ന് പാലക്കാട് ടൗൺ സൗത്ത് പൊലിസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കോടികളുടെ സ്വത്തിന്റെ ഏക അവകാശിയും ജില്ലാ ആശുപത്രിയിലെ ഡോക്ടറുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാവിൽപ്പാട്ട് ക്ഷേത്ര പൂജാരിയെ വഞ്ചിച്ച സംഭവത്തിന്റെ പ്രധാന പ്രതിയാണ് മുബീന. അറസ്റ്റ് സമയത്ത് അവരുടെ കൈയിൽ ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു.
2023-ൽ ടൗൺ സൗത്ത് പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമഫലമായാണ് മുബീനയെ എറണാകുളത്ത് കണ്ടെത്തിയത്. തട്ടിപ്പിൽ സഹായിച്ച രണ്ടാം പ്രതി അമ്പലപ്പുഴ നീർക്കുന്നം ശ്യാം നിവാസിലെ ശ്യാം സന്തോഷ് (33) ഉൾപ്പെടെ എട്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്. മുബീനയുമായി ഒരുമിച്ച് ജീവിച്ചിരുന്ന ശ്യാമിന്റെ ഫോണിൽ നിന്നാണ് അവരുടെ ഒളിവിടത്തെക്കുറിച്ചുള്ള നിർണായക വിവരം പൊലിസിന് ലഭിച്ചത്. മുബീനയുടെ പേരിൽ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉണ്ടെന്ന് പൊലിസ് അറിയിച്ചു.
9-ാം ക്ലാസ് വരെ മാത്രം പഠിച്ച മുബീനയുടെ സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ് കഥ
പൊലിസ് അന്വേഷണത്തിൽ വെളിപ്പെട്ടത് സിനിമാതിരക്കഥകളെപ്പോലും തോൽപ്പിക്കുന്ന ഒരു കഥയാണ്. 2022-ൽ പാലക്കാട് കാവിൽപ്പാട്ട് ക്ഷേത്രത്തിൽ പൂജാരിയായിരുന്ന യുവാവിനെ മുബീന പരിചയപ്പെടുന്നു. താൻ മനിശ്ശീരിമനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തനാണെന്ന് സ്വയം പരിചയപ്പെടുത്തി. കോടികളുടെ സ്വത്തിന്റെ ഏക അവകാശിയാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ വിശ്വസിപ്പിച്ചു. തറവാട്ടിൽ ആണവകാശികളില്ലാത്തതിനാൽ, സ്വത്ത് ഭാഗംവെച്ച് നൽകാൻ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും അവർ അറിയിച്ചു. ഈ വാഗ്ദാനം സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി, വിശ്വാസം സൃഷ്ടിക്കുകയായിരുന്നു.
ഒരു വർഷത്തോളം ഇരുവരും തമ്മിൽ സൗഹൃദം നിലനിർത്തി. ഡോക്ടർ എന്ന റോളിൽ വിശ്വാസം ഉറപ്പാക്കാൻ മുബീന യുവാവിനെ ഇടയ്ക്കിടെ ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. അവിടെ സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടർ മട്ടിൽ പെരുമാറുകയും, സഹായികളെ പ്രതിയുടെ സുഹൃത്തുക്കളെ കൂടെ നിർത്തി സംസാരിക്കുകയും ചെയ്തു. ആശുപത്രിക്കുള്ളിലും മോർച്ചറിയിലും പലതവണ ഈ രംഗം അവതരിപ്പിച്ചതിനാൽ യുവാവിന് സംശയം തോന്നിയില്ല. 9-ാം ക്ലാസ് വരെ മാത്രം പഠിച്ച മുബീനയുടെ ഈ രീതി പോലിസിനെ അത്ഭുതപ്പെടുത്തി.
ഇതുമുതൽ മുബീന തട്ടിപ്പിന് ശ്രമം ആരംഭിക്കുകയായിരുന്നു. ഐവിഎഫ് ആശുപത്രി പാലക്കാട് ടൗണിൽ താൻ തുടങ്ങുന്നുണ്ടെന്നും, പാർട്ണറാക്കാമെന്നും യുവാവിനോട് പറഞ്ഞു. ആശുപത്രി നിർമാണത്തിന് പല തവണയായി 68 ലക്ഷം രൂപയോളം കൈമാറാൻ യുവാവ് നിർബന്ധിക്കപ്പെട്ടു. ഈ പണം മുബീനയും സഹായികളും ചേർന്ന് പങ്കിട്ടു. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ ചെറിയ തുകകൾ ചോദിച്ച് വാങ്ങി ആദ്യം തിരിച്ചു നൽകുന്ന രീതിയാണ് മുബീനയുടെ സ്ഥിരം ടാക്ടിക്സ്. പിന്നീട് കൂടുതൽ പണം വാങ്ങി തിരികെ നൽകാതെ മുങ്ങും.
ഒരു വർഷത്തിലധികം വിവിധ ജില്ലകളിൽ പലപ്പോഴും പേരുകളിലും സ്ഥലങ്ങളിലും ഒളിച്ചുകഴിഞ്ഞിരുന്ന മുബീനയെ കസ്റ്റഡിയിലെടുത്ത് വിശദ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു. സ്റ്റാമ്പ് പേപ്പറുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് സബ് ഇൻസ്പെക്ടർ വി. ഹേമലത പറഞ്ഞു.സബ് ഇൻസ്പെക്ടർമാരായ വി. ഹേമലത, എം. വിജയകുമാർ, എ.എസ്.ഐ ഉഷാദേവി, സീനിയർ പൊലിസ് ഓഫീസർമാരായ ആർ. രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവർ ചേർന്ന സംഘമാണ് മുബീനയെ പിടികൂടിയത്. കേസ് പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."