വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം
മലപ്പുറം: വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനും മറ്റ് നിരന്തരം സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാത്തതിനെയും തുടർന്ന് മലപ്പുറം സ്വദേശി നടത്തിയ 12 വർഷത്തെ നിയമപോരാട്ടം വിജയത്തിൽ. നിരന്തരം തകരാറുകൾകൊണ്ട് പൊറുതിമുട്ടിയ ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യവുമായാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്.
ചന്തക്കുന്ന് സ്വദേശിയായ പറവെട്ടി അബ്ദുൽ ഹക്കീമിനാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. 2013-ലാണ് ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്ന് 79,400 രൂപ നൽകി ബൈക്ക് വാങ്ങിയത്.
കമ്പനി വാഗ്ദാനം ചെയ്തിരുന്നത് 72 കിലോമീറ്റർ മൈലേജ് ആയിരുന്നെങ്കിലും, വാഹനത്തിന് 50 കിലോമീറ്ററിൽ താഴെ മാത്രമാണ് മൈലേജ് ലഭിച്ചത്. ഇതിനുപുറമെ, ബൈക്കിൽനിന്ന് അസ്വാഭാവികമായ ശബ്ദവും കേട്ടിരുന്നു.
തകരാർ പരിഹരിക്കാമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് ഹക്കീം പലതവണ ഫ്രീ സർവീസിനും അല്ലാതെയും സർവീസ് സെന്ററിനെ സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതോടെ ബൈക്ക് മാറ്റി നൽകണമെന്ന് ഹക്കീം ആവശ്യപ്പെട്ടു. എന്നാൽ, വാഹനം മാറ്റി നൽകാൻ കമ്പനി വിസമ്മതിച്ചതോടെയാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ ഹക്കീം പരാതി നൽകിയത്.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പ്രാഥമികമായി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള തുക പരാതിക്കാരന് നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചെങ്കിലും, കമ്പനി തിരുവനന്തപുരത്തെ അപ്പീൽ കോടതിയെ സമീപിച്ചു. അപ്പീലിൽ മലപ്പുറം ഉപഭോക്തൃ കോടതിയുടെ വിധി ശരിവയ്ക്കുക മാത്രമല്ല, നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുകയും ചെയ്തു. ഒടുവിൽ, അബ്ദുൽ ഹക്കീം നഷ്ടപരിഹാരത്തുക കൈപ്പറ്റുകയും തകരാറുള്ള ബൈക്ക് തിരികെ നൽകുകയും ചെയ്തതോടെ 12 വർഷം നീണ്ട നിയമയുദ്ധത്തിന് തിരശ്ശീല വീണു.
A Malappuram native won a 12-year legal battle against a vehicle company after his bike consistently failed to deliver the promised mileage and suffered constant defects. A consumer court initially awarded compensation, which was later upheld and increased on appeal. The customer finally received ₹1.43 lakh (143,714) in compensation and returned the defective bike, concluding the long-drawn-out case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."