മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മ്ലാമല പുത്തൻ മഠത്തിലെ വിഷ്ണു (30) എന്നയാളാണ് പിടിയിലായത്. ശനിയാഴ്ച വീടിനടുത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ട് മുഖംമൂടി ധരിച്ച് അടുത്തെത്തിയ പ്രതി, കുട്ടിയെ വിളിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ ഇരുകരണത്തിലും അടിക്കുകയും കവിളിൽ കടിച്ച് ഉപദ്രവിക്കുകയും ചെയ്തു.പിന്നീട് കുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. ഭയന്ന് വീട്ടിലെത്തിയ കുട്ടിയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കൾ വണ്ടിപ്പെരിയാർ പൊലിസ് സ്റ്റേഷനിൽ അറിയിച്ചു.
കുട്ടിയുടെ പരാതി ലഭിച്ചതോടെ പൊലിസ് ഉടൻ അന്വേഷണം ആരംഭിച്ചു. കുട്ടിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ മർദ്ദനത്തിന്റെ അടയാളങ്ങൾ സ്ഥിരീകരിച്ചു. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ, പ്രാദേശവാസികളുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച പൊലിസ്, സംശയം തോന്നിയ വിഷ്ണുവിനെ പ്രാഥമിക ചോദ്യചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ചോദ്യംചെയ്യലിൽ കുട്ടി ഫോട്ടോകൾ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു. ഇതോടെ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡിലേക്ക് അയച്ചു.
പൊലിസ് സൂചിപ്പിക്കുന്നത്, പ്രതി പ്രദേശത്തെ ഒരു തൊഴിലാളിയാണെന്നും, സംഭവത്തിന് പിന്നിൽ വ്യക്തമായ പ്രേരണയൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ്. കുട്ടിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കാതിരിക്കാൻ കൗൺസലിങ്ങും നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."