പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: മതപ്രബോധന രംഗത്ത് എല്ലാകാലത്തും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെന്നും അതിനെ തരണം ചെയ്ത് മുന്നോട്ടുപോകാനുള്ള പ്രചോദനമാണ് പ്രവാചകന്മാരുടെയും മുൻഗാമികളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
എസ്കെഎസ്എസ്എഫ് വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ പ്രധാന പോഷക സംഘടനകളിൽ ഒന്നായ എസ്കെഎസ്എസ്എഫ് ആദർശ പ്രചാരണ രംഗത്ത് നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ആത്മീയതയിൽ അധിഷ്ഠിതമായ ജീവിതം നയിച്ച് സമൂഹത്തെ നയിക്കാൻ പുതിയ തലമുറയിലെ സംഘടനാ പ്രവർത്തകർക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സദുപദേശം കൊണ്ടും സംയമനത്തോടെയുള്ള ഇടപെടലുകൾ കൊണ്ടുമായിരിക്കണം പ്രവർത്തകർ സംഘടനാ രംഗത്ത് സജീവമാകേണ്ടത്. സമസ്തയും പോഷക സംഘടനകളും വിവിധ തലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. എന്നാൽ അവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഇസ്ലാമിക ആദർശവും വിശ്വാസ ആചാരങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."