ഹാര്‍ദിക്കിന്റെ ഭാവി നിര്‍ണ്ണയിക്കും ഈ ഐപിഎല്‍ സീസണ്‍
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച കരുത്തരായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. പവര്‍പാക്ക്ഡ് താരങ്ങളുടെ ഒരു നിരതന്നെതന്നെതന്നെ എപ്പോഴും മുംബൈക്കൊപ്പമുണ്ട്. സീസണുകളായി മുംബൈയുടെ താര ചരിത്രം അങ്ങനെയാണ്. ടീം സെറ്റാകാന്‍ ആദ്യകുറച്ച് മത്സരങ്ങള്‍ വേണ്ടിവരും. എന്നാല്‍ യഥാര്‍ത്ഥ ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ മുംബൈയെ പിടിച്ചുകെട്ടുക പ്രയാസമാണ്. സ്‌ഫോടനാത്മക ബാറ്റിംഗ് അവര്‍ കാഴ്ചവെക്കും, മൂര്‍ച്ചയേറിയ കൃത്യതയാര്‍ന്ന ബോളിങിലൂടെ എതിര്‍ ടീമിനെ വിറപ്പിക്കും, പഴുതടച്ച ഫീല്‍ഡിങിലൂടെ ഓപ്പോസിറ്റ് ടീമിന്റെ പിഴവുകളെ വിക്കറ്റുകളാക്കി മാറ്റും. ടൂര്‍ണ്ണമെന്റില്‍ തുടരെ അഞ്ച് കളികള്‍ പരാജയപ്പെട്ട് എഴുതിതള്ളിയിടത്തുനിന്ന് കപ്പുമായി മടങ്ങിയവരാണവര്‍.
എന്നാല്‍ 2024 ലെ ഈ സീസണില്‍ മുംബൈയ്ക്ക് എവിടെയാണ് പിഴച്ചത്, ടീമും ടീമംഗങ്ങളും ഇന്ന് രണ്ട് വഴിക്കാണ്. മാനേജ്‌മെന്റിന്റെ അമിത ഇടപെടലും അര്‍ത്ഥശൂന്യമായ തീരുമാനങ്ങളുമാണ് ടീമിനെ തളര്‍ത്തിയത്. ആഭ്യന്തര ബോളേഴ്‌സിനെ തന്ത്രപരമായുപയോഗിച്ച് കഴിഞ്ഞ സീസണില്‍ മുംബൈയെ സെമിവരെയെത്തിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. 10 സീസണുകളില്‍ അദ്ദേഹം ടീമിനായി നേടികൊടുത്തത് 5 സുവര്‍ണ കിരീടങ്ങളാണ്. എന്നാല്‍ മാനേജ്‌മെന്റിന് ഇതൊന്നും മനസ്സിലായിട്ടില്ല എന്നതാണ് വസ്തുത. ഈ കഴിഞ്ഞ ലോകകപ്പില്‍ അക്രമോത്സുക ബാറ്റിംഗ് കാഴ്ചവച്ച, പവര്‍പ്ലേ ആനുകൂല്യം പരമാവധി മുതലാക്കി കളിച്ച രോഹിത്തിനെയാണ് മാനേജ്‌മെന്റ് പ്രായം മുന്‍നിര്‍ത്തി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയത്. ശേഷം ഗുജറാത്തില്‍നിന്ന് ഹാര്‍ദിക്കിനെ കൊണ്ടുവന്ന് ക്യാപ്റ്റനായി അവരോധിച്ചു. ടീമിന്റെ ഒത്തിണക്കത്തെ അത് നന്നായി ബാധിച്ചു. ഹാര്‍ദിക്കിനു കീഴില്‍ കളിക്കുന്നതിന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തി ബുംറയും സൂര്യയും രംഗത്തുവന്നു. ഹാര്‍ദിക്കിന്റെ പരുക്കന്‍ സ്വഭാവം നേരത്തെയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലുള്ളപ്പോള്‍ തന്നെ ഹാര്‍ദിക്കിന്റെ രീതികള്‍ക്കെതിരെ ആദ്യമായി രംഗത്തെത്തിയത് മുഹമ്മദ് ഷമി ആയിരുന്നു. ഇപ്പോഴിതാ മുംബൈ ടീമംഗങ്ങള്‍ ഒന്നടങ്കം ഹാര്‍ദിക്കിനെതിരെയാണ്.
ക്യാപ്റ്റന്റെ ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങളും പലപ്പോഴും ബുദ്ധി ശൂന്യമാകുന്നു. ഇന്നലെ ടിം ഡേവിഡ് ടീമില്‍ ഉള്ളപ്പോള്‍ പിയൂഷ് ചൗളയെ ക്രീസിലേക്ക് വിട്ടു. ടീമിന്റെ സ്‌ട്രൈക്ക് ബോളറായ ബുംറക്ക് മൂന്നോ നാലോ ഓവറുകള്‍ക്ക് ശേഷം മാത്രം പന്ത് നല്‍കുന്നു. ഒപ്പം ഒരു നേഴ്‌സറി കുട്ടിയുടെ ബുദ്ധിപോലും പ്രയോഗിക്കാത്ത ഫീല്‍ഡിങ് പ്ലേസ്‌മെന്റും. ഫലത്തില്‍ ഒരു മികച്ച ടീമിനെ വെറും 11 പേരാക്കി മാത്രം മാറ്റുകയാണ് ഹാര്‍ദിക്ക്. ഓരോ കളിക്കാരനും എന്ത് ചെയ്യണമെന്നറിയില്ല, ക്യാപ്റ്റന്‍ സ്വയം എന്തൊക്കെയോ ചെയ്യുന്നു. ടീം തോല്‍ക്കുന്നു. ടീമിലെ ഭിന്നിപ്പിനു പുറമേ ഇപ്പോള്‍ കാണികളും ഹാര്‍ദിക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ അവര്‍ അദ്ദേഹത്തെ കൂകിവിളിച്ച് പരിഹസിക്കുന്നു.
ഈ ഐപിഎല്‍ സീസണ്‍ രോഹിത്തിനേക്കാളേറെ ബാധിക്കുന്നത് ഹാര്‍ദിക്കിനെ തന്നെയാവും എന്നതില്‍ സംശയമില്ല. ജി.ടിയെ കിരീടത്തിലെത്തിച്ചത് മുതല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി അംഗീകരിക്കപ്പെട്ടു വരികയായിരുന്നു. രോഹിത്തിനു ശേഷം നാഷണല്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറാന്‍ വരെ ഹാര്‍ദിക്കിന് കഴിയുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ മുംബൈ ദയനീയമായി പരാജയപ്പെടുകയാണെങ്കില്‍ ഒരു ബദല്‍ ചിന്ത ബിസിസിഐ ല്‍ ഉണ്ടാകും. അതേസമയം ഗുജറാത്ത് കിരീടം നേടുകയോ പ്ലേഓഫ് കടക്കുകയോ ചെയ്താല്‍ ഭാവി ക്യാപ്റ്റനെന്ന രീതിയില്‍ ഗില്ലിനെ ബിസിസിഐ പരിഗണിക്കാനും സാധ്യതയുണ്ട്. ഫ്റ്റ്‌നെസ്സ് വീണ്ടെടുത്ത് ക്രീസിലേക്കുതിരിച്ചുവന്ന ഋഷഭ് പന്തും ബിസിസിഐക്ക് ഒരു മികച്ച ചോയിസാണ് ഇരുവരും നിലവില്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്നവരുമാണ്. ലളിതമായി പറഞ്ഞാല്‍ അധികാരമോഹം പേറി മുംബൈയിലെക്കെത്തിയ ഹാര്‍ദിക്കിന്റെ ഭാവി ഈ സീസണോടെ തീരുമാനിക്കപ്പെടുമെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."