ഫിഷര്‍മെന്‍ കോളനിയിലെ വീടുകളില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തും
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജിനടുത്തുള്ള ഫിഷര്‍മെന്‍ കോളനിയില്‍ വീടുകള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം.
പൊന്നാനിയിലെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഫിഷറീസ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഐ.എ.എസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഫിഷര്‍മെന്‍ കോളനിയില്‍ ഗുണഭോക്താക്കള്‍ താമസിക്കാന്‍ തയാറാക്കുന്നതിനായി 'കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്ന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ നഗരസഭയുടെ ഭാഗമായി ഉന്നയിച്ചു. ഓരോ വീടിനും സൈഡിലോ പുറകിലോ ആയി സൗകര്യപ്രദമായ ഒരു കിടപ്പുമുറി കൂടി അറ്റാച്ച് ചെയ്യുവാന്‍ ഓരോ വീടിനും 50,000 രൂപ ഫിഷറീസ് വകുപ്പ് അനുവദിക്കുമെന്നും ബാക്കിവരുന്ന തുക പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പ്രത്യേക അനുമതിക്കും തീരുമാനമായി.
മത്സ്യതൊഴിലാളികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്വന്തമായി യന്ത്രവത്കൃതവള്ളം വാങ്ങുമ്പോള്‍ പകുതി തുക സബ്സിഡിയായി അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം അംഗീകരിച്ചു. കോഡിനേഷന്‍ കമ്മിറ്റിക്ക് ഫിഷറീസ് വകുപ്പ് മുമ്പാകെ സമര്‍പ്പിച്ച് അനുമതി ലഭ്യമാക്കും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള 17 സെന്റ് ഒഴിഞ്ഞയിടത്ത് പഴയ ഐസ് ഫാക്ടറിയുടെ സ്ഥലത്ത് മത്സ്യബന്ധന ബോധവല്‍ക്കരണ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഭവനമില്ലാത്ത മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഫിഷറീസ് വകുപ്പും നഗരസഭയും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. ഫിഷിങ് ഹാര്‍ബറിനെ കുറിച്ചുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൊന്നാനിയിലെ മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് ചര്‍ച്ച ചെയ്യാന്‍ മന്ത്രി 23 ന് വൈകിട്ട് നാലിന് പൊന്നാനി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."