എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ ഡിജിറ്റൈസേഷന്‍ പുരോഗമിക്കുന്നതിനിടെ വോട്ടര്‍ ലിസ്റ്റില്‍ പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 26 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ 2002ലെ വോട്ടര്‍ പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കമ്മീഷന്റെ വാദം.
മുന്‍പ് നടന്ന എസ്.ഐ.ആറിന് ശേഷമുള്ള വോട്ടര്‍പട്ടികയും, നിലവില്‍ പൂരിപ്പിച്ച് കിട്ടിയ ഫോമുകളിലെ വിവരങ്ങളും തമ്മിലാണ് പൊരുത്തക്കേടുകള്‍. ഡിജിറ്റൈസേഷന് ശേഷം ഓരോ ഫോമും 'മാപ്പിംഗിന്' വിധേയമാക്കിയപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭ്യമായത്. ഇതുവരെ ആറ് കോടിയിലധികം എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ എന്യൂമറേഷന്‍ ഫോമുകള്‍ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേടുകള്‍ വര്‍ധിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം വോട്ടര്‍ പട്ടികയിലെ പൊരുത്തക്കേടുകള്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന് കരുതേണ്ടതില്ലെന്നും, അന്തിമ തീരുമാനം കൂടുതല്‍ സുക്ഷ്മപരിശോധനയ്ക്കും ഫീല്‍ഡ് പരിശോധനകള്‍ക്കും ശേഷമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഹാറില്‍ എസ്.ഐ.ആര്‍ നടപടികള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച ആദ്യഘട്ട വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ബിഹാറില്‍ എസ്.ഐ.ആറിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയം നേടുകയും ചെയ്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണ് എസ്.ഐ.ആറിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കമ്മീഷന്‍ രാജ്യവ്യാപക എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍, കേരളം ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് രണ്ടാം ഘട്ട എസ്.ഐ.ആര്‍ നടപ്പിലാക്കുന്നത്. ധൃതി പിടിച്ചുള്ള എസ്.ഐ.ആറിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴും നടപടികളുമായി മുന്നോട്ട് പോവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
the election commission says that 26 lakh voter names in west bengal do not match the 2002 voter list during the ongoing digitisation process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."