കൊണ്ടോട്ടിയിലെ മോഷണകേസിലെ പ്രതി കണ്ണൂരിലും മോഷണം നടത്തി
പെരിങ്ങത്തൂര്‍: കൊണ്ടോട്ടിയിലെ പെയിന്റ് കടയില്‍ മോഷണം നടത്തിയ കേസില്‍ വിചാരണയില്‍ കഴിയവെ പ്രതി കണ്ണൂരില്‍ മോഷണ ശ്രമത്തിനിടയില്‍ പിടിയില്‍. പെരിങ്ങത്തൂര്‍ ബാവാച്ചി റോഡില്‍ കടയില്‍ നിന്നു കടയുടമയെ കണ്ണുവെട്ടിച്ചു പണം മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കടയുടമയും നാട്ടുകാരും ചേര്‍ന്നു പിടികൂടി. കോഴിക്കോട് മെഡിക്കല്കോളജിനടുത്തു പെരിങ്ങളം സ്വദേശി മൈലന്പറമ്പത്തു കണ്ടന്റെ മകന് ശ്രീജിത്താ(31)ണു പിടിയിലായത്.
ബാവാച്ചി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബെഡ് മാര്‍ട്ട് എന്ന കടയില്‍ നിന്നാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. സംഭവമറിഞ്ഞ് ചൊക്ലി എസ്.ഐ മനു പി മേനോന്, സിവില്‍ പൊലിസ് ഓഫിസര്‍ ഷാജു എന്നിവര്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അഞ്ചുവര്‍ഷം മുമ്പ് കോഴിക്കോട് താമസമാക്കിയ ഇയാള്‍ കൊണ്ടോട്ടിയിലെ പെയിന്റ് കടയില്‍ നിന്നു മോഷണം നടത്തി വിചാരണ നടക്കവെയാണു പെരിങ്ങത്തൂരില്‍ മോഷണം നടത്താനെത്തിയതെന്നു പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."