മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ
ബറേലി: ഉത്തർപ്രദേശിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ (എൽഎൽആർഎം) മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രിൻസിപ്പൽ കർശന നടപടികളുമായി രംഗത്ത്. ക്യാമ്പസിനുള്ളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുകയോ അഭയം നൽകുകയോ ചെയ്യുന്നവർക്കെതിരെ ഹോസ്റ്റൽ സൗകര്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയെടുക്കുമെന്നാണ് പ്രിൻസിപ്പലിന്റെ മുന്നറിയിപ്പ്.
ഹോസ്റ്റൽ മെസ്സിനുള്ളിൽ വനിതാ ഡോക്ടറുടെ പ്ലേറ്റിൽ നിന്ന് തെരുവ് നായ ഭക്ഷണം കഴിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പ്രിൻസിപ്പൽ ഡോക്ടർ. ആർ.സി. ഗുപ്തയുടെ കർശന ഉത്തരവ്.
ക്യാമ്പസിനുള്ളിൽ ചില അധ്യാപകരും ജീവനക്കാരും നായ്ക്കളെ വളർത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ ജീവനക്കാർക്ക് സന്ദേശം നൽകിയത്. ആരെങ്കിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ, അവരുടെ ഹോസ്റ്റൽ അലോട്ട്മെന്റ് വരെ റദ്ദാക്കും. പിന്നീട് ഒരു അപേക്ഷയോ ക്ഷമാപണമോ സ്വീകരിക്കില്ല," അദ്ദേഹം വ്യക്തമാക്കി. ഹോസ്റ്റലുകളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും നായ്ക്കൾ അലഞ്ഞുതിരിയുന്ന വിഷയത്തിൽ സർക്കാരിന് ഗൗരവമായ ആശങ്കയുണ്ടെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
തെരുവ് നായ്ക്കളെ പിടികൂടാനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് തവണയെങ്കിലും മുനിസിപ്പൽ കോർപ്പറേഷന് കത്തുകൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പ്രിൻസിപ്പൽ പരാതിപ്പെട്ടു. കോളേജ് അധികൃതർ നടപടിയെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം മൃഗക്ഷേമ ഗ്രൂപ്പുകൾ ഇടപെട്ട് ഭീഷണിപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു.
അതേസമയം, പ്രിൻസിപ്പലിന്റെ ഈ കർശന നിർദേശത്തോട് വിയോജിപ്പുമായി പ്രാദേശിക എംഎൽഎയും മന്ത്രിയുമായ ധരംപാൽ സിംഗ് രംഗത്തെത്തി. നായ്ക്കൾക്ക് അവരുടേതായ പരിധിയുണ്ടെന്നും ഒരു നായ മറ്റൊന്നിന്റെ പരിധിയിൽ പ്രവേശിച്ച് ഭക്ഷണമെടുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "നിങ്ങൾ ഭക്ഷണം നൽകുന്നത് തുടർന്നാൽ അവ നിങ്ങളെ കടിക്കില്ല," എംഎൽഎ പ്രതികരിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ നായശല്യം ഇപ്പോൾ അധികൃതരും ജനപ്രതിനിധികളും തമ്മിലുള്ള തർക്കവിഷയമായി മാറിയിരിക്കുകയാണ്.
A principal at a Bareilly medical college issued a strict warning that students and staff found feeding stray dogs on campus would face penalties, including the cancellation of hostel allocation. This action followed a viral video showing a stray dog eating from a woman doctor's plate in the mess. However, a local MLA publicly opposed the principal's order, arguing that feeding the dogs prevents them from biting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."