അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ
അബൂദബി: അബൂദബിയിലെ അൽ മുസൂൺ കനാലിൽ ധാരാളം ചത്ത മീനുകളെ കണ്ടെത്തിയതായി എമിറേറ്റ്സ് എൻവയോൺമെന്റ് അതോറിറ്റി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി പൊതുജനങ്ങൾക്ക് ഉറപ്പുനൽകി.
പ്രാഥമിക പരിശോധനയിൽ, പ്രദേശത്തെ ആൽഗൽ ബ്ലൂം (ചിലയിനം പായലുകളുടെ അമിതമായ വളർച്ച) ആണ് മീനുകളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തി. വെള്ളത്തിന് ആവശ്യമായ ഒഴുക്കില്ലാത്തത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറച്ചതും ഇതിന് കാരണമായി.
പൊതുജനങ്ങൾക്ക് യാതൊരു അപകടവും ഉണ്ടാകാതിരിക്കാൻ കനാലിൽ നിന്ന് ചത്ത മീനുകളെ നീക്കം ചെയ്യാനും, സുരക്ഷിതമായി സംസ്കരിക്കാനും ആവശ്യമായ അടിയന്തര നടപടികൾ അധികൃതർ കൈക്കൊണ്ടു. കൂടുതൽ പരിശോധനകൾക്കായി വെള്ളത്തിന്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ കനാലിലെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. വിശദമായ പരിശോധന നടത്തുന്നുണ്ടെന്നും, ഫലം ലഭിച്ചാലുടൻ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
സമാന സംഭവം
2024ൽ ദുബൈയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിന് ശേഷമായിരുന്നു അന്ന് ചത്ത മീനുകളെ കണ്ടെത്തിയത്. എന്നാൽ, അന്ന് ഇത് സ്വാഭാവികമാണ് എന്ന് ദുബൈ പരിസ്ഥിതി അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.
2024 ഏപ്രിൽ 16-ന് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയത്. അധികൃതർ പറയുന്നതനുസരിച്ച്, ദുബൈയിൽ 24 മണിക്കൂറിനുള്ളിൽ 220 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ഇത് ഒരു വർഷം ലഭിക്കേണ്ട മഴ ഒറ്റ ദിവസം കൊണ്ട് ലഭിച്ചതിന് തുല്യമാണ്.
The Emirates Environment Agency has reported finding dead fish in Al Mussoon's canal in Abu Dhabi, assuring the public that necessary safety measures are being taken to address the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."