മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു
അഹമ്മദാബാദ്: നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രതീപ് ശര്‍മയ്ക്ക് വീണ്ടും തടവുശിക്ഷ. കച്ച് ജില്ലാ കലക്ടറായിരുന്നപ്പോള്‍ 2003നും 2006നും ഇടയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ചെറിയ നിരക്കില്‍ അനുവദിച്ചെന്ന് ആരോപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി അഞ്ചുവര്‍ഷത്തേക്കാണ് പ്രതീപ് ശര്‍മയെ ശിക്ഷിച്ചത്. അന്വേഷണത്തിനിടെ കേന്ദ്ര ഏജന്‍സിയായ ഇ.ഡി പിടിച്ചെടുത്ത ശര്‍മ്മയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി കോടതിശരിവയ്ക്കുകയും ചെയ്തു. ഈ കേസില്‍ 2016ല്‍ ആണ് ഇ.ഡി അഹ്മദാബാദിലെ വസതിയില്‍ നിന്ന് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തത്.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതീപ് ശര്‍മ വിവിധ കേസുകളില്‍ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2009ല്‍ ഭാവ്‌നഗര്‍ മുനിസിപ്പല്‍ കമ്മിഷനര്‍ ആയിരിക്കെയാണ് പ്രതീപ് ആദ്യമായി അറസ്റ്റിലായത്. അന്ന് അഴിമതിക്കേസായിരുന്നു അദ്ദേഹത്തിനെതിരേ ചുമത്തിയത്. പിന്നീട് 2009ല്‍ അദ്ദേഹത്തിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പി.എം.എല്‍.എ) പ്രകാരം ഇ.ഡി കേസെടുത്തു.
2003- 04 കാലത്ത് കച്ച് കലക്ടറായിരിക്കെ സര്‍ക്കാര്‍ ഭൂമി വെസ്പണ്‍ ഗ്രൂപ്പിനു കുറഞ്ഞവിലയ്ക്ക് വിറ്റെന്നും ഇതുവഴി ഖജനാവിന് 1.2 കോടി രൂപ നഷ്ടമായെന്നുമുള്ള പരാതിയില്‍ എടുത്ത കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കേസെടുത്തതിനെ തുടര്‍ന്ന് ഇ.ഡി പ്രതീപിന്റെ അഹമ്മദാബാദിലെ വീടും മറ്റും പിടിച്ചെടുക്കുകയുംചെയ്തു. ഈ രണ്ടുകേസുകള്‍ക്കു പുറമെ വേറെ മൂന്നുകേസുകളും പ്രതീപിനെതിരെയുണ്ട്. എന്നാല്‍, തനിക്കെതിരായ ഗുജറാത്ത് പൊലിസിന്റെ നടപടികളെല്ലാം പ്രതികാരമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപത്തിനിടെ മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും ആവശ്യപ്പെട്ട് സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയ്ക്കു മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നിരുന്നുവെന്നാണ് പ്രതീപ് ശര്‍മയുടെ ഒരുവെളിപ്പെടുത്തല്‍. കേസന്വേഷിച്ച എസ്.ഐ.ടി മേധാവി ആര്‍.കെ രാഘവന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കത്തയച്ചിരുന്നു. ബംഗളൂരു സ്വദേശിനിയും ആര്‍കിടെക്ടുമായ യുവതിയെ നിരീക്ഷിക്കാന്‍ മോദി നിര്‍ദേശം നല്‍കിയിരുന്നുവെന്നും യുവതിക്കു മോദി എസ്.എം.എസ് അയച്ചിരുന്നുവെന്നുമുള്ള പ്രതീപിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."