സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ അമ്പത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറിൽ താമസിക്കുന്ന സി. ചെന്താമരൈ കണ്ണൻ ആണ് മരിച്ചത്. 26 വയസായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ തോട്ടക്കാട്ടുകര ദേശം കടവിലാണ് അപകടം നടന്നത്. ഇദ്ദേഹവും രണ്ട് സുഹൃത്തുക്കളും വളർത്തുനായയുമൊപ്പമാണ് കുളിക്കാൻ എത്തിയത്.
കുളിക്കുന്നതിനിടെ ചെന്താമരൈ കണ്ണൻ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ബഹളം വെച്ചത് കേട്ട് ഓടിയെത്തിയ രണ്ട് യുവാക്കൾ ചേർന്ന് ഇദ്ദേഹത്തെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലുവ പറവൂർ കവലയിലെ ഫെഡറൽ ബാങ്കിൽ ഓപ്പറേഷൻസ് വിഭാഗം ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ചെന്താമരൈ കണ്ണൻ. കോഴിക്കോട്ടുള്ള ഫെഡറൽ ബാങ്കിന്റെ കറൻസി സെന്ററിൽ നിന്നും രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇദ്ദേഹം പറവൂർ കവലയിലെ ശാഖയിലേക്ക് സ്ഥലം മാറിയെത്തിയത്.
മൃതദേഹം ഇപ്പോൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അവിവാഹിതനാണ് ചെന്താമരൈ കണ്ണൻ. പിതാവ്: ചെല്ലദുരൈ, മാതാവ്: ടി. മനോൻമണി.
A 26-year-old man from Tamil Nadu, C. Chenthamarai Kannan, drowned in the Periyar River while bathing near Thottakkattukara Desam Kadavu around 6:30 pm on Wednesday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."