വേദനകള്‍ മറന്ന് പാട്ടുപാടിയും കൈകൊട്ടിക്കളിച്ചും ഓണാഘോഷം
വാടാനപ്പള്ളി: വേദനകള്‍ മറന്ന് പാട്ടുപാടിയും കൈകൊട്ടിക്കളിച്ചും ഓണം ആഘോഷിച്ചു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ മാറാരോഗങ്ങള്‍ കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയറിന്റെ പതിമൂന്നാമത് ഓണാഘോഷം തൃത്തല്ലൂര്‍ ശ്രീശൈല്യം ഓഡിറ്റോറിയത്തില്‍ നടന്നു. തളിക്കുളം ബ്ലോക്കിനു കീഴിലെ വിവിധ പഞ്ചായത്തുകളില്‍പെട്ട കാന്‍സര്‍ ഉള്‍പ്പെടെ വിവിധ മാരകരോഗം കൊണ്ട് ദുരിതം അനുഭവിക്കുന്ന ഇരുനൂറ്റി അമ്പതോളം പേരും അവരുടെ കുടുബാംഗങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുചേര്‍ന്നു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടര്‍ സുഭാഷിണി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രോഗികള്‍ അവരുടെ വേദനകള്‍ പങ്കുവെച്ചും, വേദനകള്‍ മറന്ന് ഓണപ്പാട്ടും, നാടന്‍ പാട്ടുകളും, തിരുവാതിരക്കളി, കൈകൊട്ടികളി എന്നിവയും നടത്തി. ചടങ്ങില്‍ ദേശിയ അധ്യാപക അവാര്‍ഡ് ജേതാവായ കെ.എസ് ദീപന്‍ മാസ്റ്ററെയും, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എ.പി അബ്ദുല്‍ ഖാദര്‍ മാഷിനേയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി അധ്യക്ഷനായി. ഡോക്ടര്‍ മാഹിന്‍ ആമുഖ പ്രഭാഷണം നടത്തി. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍,റൗഫ് ചേറ്റുവ, സോമനാഥന്‍ ചാളിപ്പാട്ട്, തമ്പി കളത്തില്‍, സുബൈദ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ രോഗികള്‍ക്ക് ഓണപ്പുടവയും ഓണകിറ്റും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."