വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്
ബംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ വിവാഹ വേദിയിൽ നാടകീയ രംഗങ്ങൾ. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ, മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിനിടെ പൊലിസ് അറസ്റ്റ് ചെയ്തു. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് റായ്ച്ചൂർ സ്വദേശിയായ റിഷഭ് എന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്താണ് റിഷഭും പരാതിക്കാരിയായ യുവതിയും സൗഹൃദത്തിലായത്. ഈ സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി റായ്ച്ചൂർ വനിതാ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒഴിഞ്ഞുമാറ്റം, പിന്നാലെ വിവാഹനിശ്ചയം
കൂടാതെ, ഒരു ക്ഷേത്രത്തിൽ വെച്ച് റിഷഭ് തന്റെ കഴുത്തിൽ താലി ചാർത്തിയിരുന്നു എന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി. ഇതിനുള്ള തെളിവുകളും യുവതി പൊലിസിന് കൈമാറി. കഴിഞ്ഞ കുറച്ചു നാളുകളായി റിഷഭ് യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടയിലാണ് യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം യുവതി അറിയുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരം യുവതിക്ക് ലഭിച്ചത്. ഇതോടെ കൊപ്ലയിൽ നിന്ന് റായ്ച്ചൂരിലെത്തിയ യുവതി ഉടൻ തന്നെ വനിതാ പൊലിസിൽ പരാതി നൽകുകയായിരുന്നു.
വിവാഹ ഒരുക്കങ്ങൾക്കിടെ അറസ്റ്റ്
യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലിസ് സംഘം, റിഷഭിന്റെ വിവാഹം നടക്കുന്ന റായ്ച്ചൂർ സിറ്റിയിലെ വേദിയിലേക്ക് നേരിട്ടെത്തുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് പൊലിസ് നവവരനെ അറസ്റ്റ് ചെയ്തത്. ഇതോടെ വിവാഹ ചടങ്ങുകൾ നിർത്തിവച്ചു.
കോടതിയിൽ ഹാജരാക്കിയ റിഷഭിനെ റിമാൻഡ് ചെയ്തു. ഡിഗ്രി പഠനകാലത്തെ പ്രണയത്തിന്റെ പേരിൽ നടന്ന വഞ്ചന മറ്റൊരു വിവാഹത്തിന്റെ പന്തലിൽ വെച്ച് നാടകീയമായി അവസാനിച്ചതിന്റെ അമ്പരപ്പിലാണ് റായ്ച്ചൂർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."