നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം
കണ്ണൂര്‍: നാലുമാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്ത ദയനീയ തോല്‍വിയില്‍ കാലിടറി എല്‍.ഡി.എഫ്. സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച് എന്‍.ഡി.എയും സാന്നിധ്യമറിയിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളും ത്രിതല പഞ്ചായത്തുകളിലുമെല്ലാം വ്യക്തമായ യു.ഡി.എഫ് ആധിപത്യമാണ്. ആറു കോര്‍പറേഷനുകളില്‍ നാലിടത്തും യു.ഡി.എഫ് തരംഗമാണ്. കാലങ്ങളായി എല്‍.ഡി.എഫിന്റെ കുത്തകയായ തിരുവനന്തപുരം കോര്‍പറേഷന്‍ എന്‍.ഡി.എ പിടിച്ചടക്കുമെന്നുറപ്പായി.
51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറക്കുന്ന കോര്‍പറേഷനായി തിരുവനന്തപുരം മാറുകയാണ്. കൊല്ലം, തൃശൂര്‍, കൊച്ചി, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോള്‍ കോഴിക്കോട് ഫോട്ടോ ഫിനിഷിലേക്ക് പോകുകയാണ് കാര്യങ്ങള്‍. കഴിഞ്ഞതവണ കണ്ണൂര്‍ കോര്‍പറേഷന്‍ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നതെങ്കില്‍ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് യു.ഡി.എഫ് നടത്തിയത്. 2006 മുതല്‍ എല്‍.ഡി.എഫിനൊപ്പം നിന്ന കോഴിക്കോട് കോര്‍പറേഷനില്‍ യു.ഡി.എഫ് അതിശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്.
എല്‍.ഡി.എഫ് 30 സീറ്റിലും യു.ഡി.എഫ് 27 സീറ്റിലും എന്‍.ഡി.എ 13 സീറ്റിലും ആണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ യു.ഡി.എഫ് 18 സീറ്റുകളില്‍ മുന്നിലാണ്. 14 സീറ്റുകളില്‍ എല്‍.ഡി.എഫും ഒമ്പത് സീറ്റില്‍ എന്‍.ഡി.എയുമാണ്. എറണാകുളം കോര്‍പറേഷനില്‍ യു.ഡി.എഫ് 46 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടി. എല്‍.ഡി.എഫിന് 20 സീറ്റുകളും എന്‍.ഡി.എയ്ക്ക് ആറ് സീറ്റുമാണ്. തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് 33, എല്‍.ഡി.എഫ് 11, എന്‍.ഡി.എ ഏട്ട് എന്നിങ്ങനെയാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് 36 വാര്‍ഡില്‍ മുന്നിലാണ്. എല്‍.ഡി.എഫ് 15 ഇടത്തും എന്‍.ഡി.എ നാലിടത്തുമാണ് മുന്നില്‍.
ആഞ്ഞടിച്ച് ഇടതുവിരുദ്ധ തരംഗം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കടുത്ത ഇടതുവിരുദ്ധ തരംഗമാണ് ആഞ്ഞടിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും തുടര്‍ഭരണം നല്‍കിയ അമിത ആത്മവിശ്വാസത്തിനും നേതാക്കളുടെ അഹന്തയ്ക്കും ജനം നല്‍കിയ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലില്‍ ഇടതുപക്ഷം അമ്പേ അടിപതറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2010ലായിരുന്നു യു.ഡി.എഫ് ചരിത്രജയം നേടിയത്. എന്നാല്‍ ആ ജയത്തേയും മറികടക്കുന്ന മുന്നേറ്റമാണ് ഇത്തവണ ത്രിതല പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ യു.ഡി.എഫ് സ്വായത്തമാക്കിയത്. രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയമൊന്നും തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്നു തന്നെയാണ് തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന ചിത്രം. ഭരണവിരുദ്ധവികാരം മറയ്ക്കാന്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന സഹായിച്ചില്ലെന്ന പാഠം കൂടിയാണ് എല്‍.ഡി.എഫിനെ ജനം പഠിപ്പിച്ചത്.
യു.ഡി.എഫിന് തുണ ന്യൂനപക്ഷ വോട്ട്; എന്‍.ഡി.എയിലേക്ക് ഒഴുകിയത് എല്‍.ഡി.എഫ് വോട്ടുകള്‍
തകര്‍പ്പന്‍ ജയത്തിന് യു.ഡി.എഫിന് കരുത്തായ പല ഘടകങ്ങളില്‍ മുഖ്യം മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളുടെ കുത്തൊഴുക്കുതന്നെ. കോണ്‍ഗ്രസില്‍ നേതാക്കളുടെ അനൈക്യവും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമൊക്കെ തുടക്കത്തില്‍ കല്ലുകടിയായെങ്കിലും അത്തരം വിഷയങ്ങളൊന്നും ഒരുതരത്തിലും ഏശാതെയാണ് ന്യൂനപക്ഷ പോക്കറ്റുകളില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടൊഴുകിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണമാറ്റത്തിനും മുനിസിപ്പാലിറ്റി, ജില്ലാ- ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളില്‍ എന്‍.ഡി.എയ്ക്ക് അക്കൗണ്ട് തുറക്കാനായതും പരമ്പരാഗത എല്‍.ഡി.എഫ് വോട്ടുകളാലാണ്. എന്‍.ഡി.എ വിജയിച്ച ഭൂരിഭാഗം വാര്‍ഡുകളും കഴിഞ്ഞതവണ എല്‍.ഡി.എഫിനൊപ്പമായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അപകടകരമായ അവസ്ഥയിലേക്കാണ് ഈ വോട്ടൊഴുക്കെന്നതും കാണാതെ പോകരുത്.
In what is widely seen as a trial run for the Assembly elections due in four months, Kerala’s local body election results have delivered a massive boost to the UDF, clearly reflecting strong anti-incumbency sentiment against the ruling LDF. The UDF surged ahead across corporations, municipalities and three-tier panchayats, winning or leading in four of the six major corporations, while the LDF suffered one of its worst-ever setbacks in local polls. The NDA also marked a significant presence, with Thiruvananthapuram Corporation set to become the first BJP-led corporation in the state. The results point to voter anger over governance issues, leadership arrogance and controversies, suggesting that welfare measures failed to blunt public discontent, and positioning the UDF strongly ahead of the forthcoming Assembly election.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."