ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയിൽ പ്രതികരിച്ച് എൽഡിഎഫ് നേതാവ് ബിനോയ് വിശ്വം. ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫ്- ബിജെപി കൂട്ടുകെട്ടുണ്ടായെന്നും, ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തി. ജനങ്ങൾ ഞങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കും. സർക്കാരിനെതിരായ വികാരം ഉണ്ടായോ എന്നതടക്കം പരിശോധിക്കും. പിഎം ശ്രീയിൽ സിപിഎമ്മിനും സിപിഐക്കും ഒരേ മൗലിക അഭിപ്രായം തന്നെയാണ്. ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്ത സർക്കാരാണിത്. എന്തുകൊണ്ട് ആ സർക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടെയതെന്ന് പരിശോധിക്കും. സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ, രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുമ്പോൾ ജനങ്ങളെ മാനിക്കണമെന്നും ജനം തങ്ങൾക്ക് താഴെയാണെന്ന് കരുതരുതെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."