സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ
റിയാദ്: സഊദിയിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ ആയിരക്കണക്കിന് അനധികൃത താമസക്കാരെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 4 മുതൽ 10 വരെയുള്ള ഒരാഴ്ചക്കാലയളവിൽ ആഭ്യന്തര മന്ത്രാലയം മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ 19,576 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒകാസ് പത്രം റിപ്പോർട്ട് ചെയ്തു.
കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും താമസ, അതിർത്തി സുരക്ഷാ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ്. താമസ നിയമ ലംഘനം നടത്തിയ 12,506 പേരെയും അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ 4,154 പേരെയും തൊഴിൽ നിയമ ലംഘനം നടത്തിയ 2,916 പേരെയുമാണ് അധികൃതർ അറസ്റ്റു ചെയ്തത്.
നിയമവിരുദ്ധമായി സഊദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,418 പേരെയും അധികൃതർ പിടികൂടി. ഇവരിൽ 57 ശതമാനം എത്യോപ്യൻ പൗരന്മാരും 41 ശതമാനം യെമൻ പൗരന്മാരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 24 പേരെയും ഈ ദിവസങ്ങളിൽ പിടികൂടി. നിയമലംഘകർക്ക് ഗതാഗത സൗകര്യം, താമസം, തൊഴിൽ എന്നീ സൗകര്യങ്ങൾ ഒരുക്കിയ 16 പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ഇക്കാലയളവിൽ 12,365 പേരെ രാജ്യത്തു നിന്ന് നാടുകടത്തിയതായും സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ, 30,427 പ്രവാസികൾ നിയമനടപടികൾ നേരിടുന്നുണ്ട്. ഇതിൽ 28,718 പുരുഷന്മാരും 1,709 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാ രേഖകൾ ലഭിക്കുന്നതിനായി 21,803 പേരെ അവരുടെ രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും 5,202 പേരോട് യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
നിയമലംഘകരെ സഹായിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുക, അവരെ കൊണ്ടുപോകുകയോ അഭയം നൽകുകയോ ചെയ്യുക, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുക എന്നിവയ്ക്ക് 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തും. കൂടാതെ, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
saudi authorities intensified nationwide inspections, resulting in the arrest of 19,576 illegal residents within a single week. the campaign targeted residency, labor, and border violations. officials stated that inspections will continue to ensure compliance with laws, enhance public safety, and regulate the labor market across the kingdom effectively and efficiently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."