ആഘോഷങ്ങള്‍ക്കു സര്‍ക്കാര്‍ എതിരല്ല: മന്ത്രി കെ.ടി ജലീല്‍
ചെറുവത്തൂര്‍: ആഘോഷങ്ങളെല്ലാം ഭംഗിയായി ആഘോഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാറിനെന്നു മന്ത്രി കെ.ടി ജലീല്‍. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന സമാപന പൊതുയോഗം ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിനു ഇടതുസര്‍ക്കാര്‍ എതിരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നടക്കുന്നുണ്ട്.
എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഓണവും പെരുന്നാളും ആഘോഷിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച സര്‍ക്കാറാണ് ഇത്. ഗ്രാമപഞ്ചായത്തിന് 10000, മുനിസിപ്പാലിറ്റികള്‍ക്ക് 20000, കോര്‍പറേഷനുകള്‍ക്കു രണ്ടു ലക്ഷം എന്നിങ്ങനെ തനതു ഫണ്ടില്‍ നിന്ന് ഉപയോഗിക്കാം എന്ന ഉത്തരവില്‍ ഒപ്പിട്ടു കഴിഞ്ഞു. എല്ലാവരെയും ഒരുപോലെ കാണണമെന്നു പഠിപ്പിച്ച മാവേലിയുടെ ഭരണകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ് ഇടതു ഭരണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് കെ.വി കുഞ്ഞിരാമന്‍ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍, വൈസ്പ്രസിഡന്റ് കെ കോമളവല്ലി, ട്രഷറര്‍ കെ കുഞ്ഞപ്പ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, എം.വി ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറി വി.കെ രാജന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍ സംസാരിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റായി കെ.വി കുഞ്ഞിരാമനെയും സെക്രട്ടറിയായി വി.കെ രാജനെയും തിരഞ്ഞെടുത്തു.
കെ കണ്ണന്‍നായരാണ് ട്രഷറര്‍. 49 അംഗ ജില്ലാകമ്മിറ്റിയേയാണ് സമ്മേളനം തിരഞ്ഞെടുത്തത്. പൊതുസമ്മേളനത്തിനു മുന്നോടിയായി കൊവ്വല്‍ കേന്ദ്രീകരിച്ചു പ്രകടനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."