താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്. മൂന്നിടങ്ങളിൽ യന്ത്രത്തകരാർ കാരണം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതാണ് കാരണം. 7 , 8 വളവുകളിലാണ് രണ്ട് ലോറിയും അയ്യപ്പഭക്തർ സഞ്ചരിച്ച ഒരു ബസും യന്ത്രത്തകരാർ കാരണം കുടുങ്ങിയിരിക്കുന്നത്.
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് സ്ഥിരസംഭവം ആയി മാറിയിരിക്കുകയാണ്. ലോറി കുടുങ്ങിയതിന് പിന്നാലെ ഈ മാസം 16ാം തീയതിയും ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു അന്ന്. ഏഴാം വളവിലാണ് ലോറി കുടുങ്ങിയത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
മൂന്ന് ആഴ്ചമുമ്പ് രണ്ടര മണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി കിടന്ന യാത്രക്കാരിയായ യുവതി കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് വൈകുന്നേരം മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും പൂർണ സ്ഥിതിയിലാക്കാൻ സാധിച്ചിരുന്നില്ല. നാല് ആഴ്ച മുമ്പ് ഏഴാം വളവിൽ തന്നെ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിട്ടിരുന്നു. രണ്ട് മണിക്കൂറിലേറെ അന്നും യാത്രക്കാർ ദുരിതത്തിലായി.
താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 8 മണി മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ തുടങ്ങി അത്യാവശ്യ യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
traffic congestion has once again hit thamarassery churam in kozhikode after two lorries and a bus broke down at multiple hairpin bends, causing long delays and repeated disruption for commuters
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."