വീണ്ടും ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ വീണ്ടും വന്‍ ഗതാഗതക്കുരുക്ക്. ലോറി കുടുങ്ങിയത് തന്നെയാണ് ഇത്തവണയും ഗതാഗതക്കുരുക്കിന് കാരണമായത്. നാലാം വളവ് മുതല്‍ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏഴാം വളവിലാണ് ലോറി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സാങ്കേതിക പ്രശ്‌നങ്ങളാണ് ലോറി കേടാവാന്‍ കാരണമെന്നാണ് പറയുന്നത്. മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ലോറി മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. സ്ഥലത്ത് പൊലിസ് എത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് സ്ഥിരസംഭവം ആയി മാറിയിരിക്കുകയാണ്. മൂന്ന് ആഴ്ചമുമ്പ് രണ്ടര മണിക്കൂറോളം ബ്ലോക്കില്‍ കുടുങ്ങി കിടന്ന യാത്രക്കാരിയായ യുവതി കുഴഞ്ഞുവീണു. ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് വൈകുന്നേരം മുതല്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും പൂര്‍ണ സ്ഥിതിയിലാക്കാന്‍ സാധിച്ചിരുന്നില്ല. നാല് ആഴ്ച മുമ്പ് ഏഴാം വളവില്‍ തന്നെ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിട്ടിരുന്നു. രണ്ട് മണിക്കൂറിലേറെ അന്നും യാത്രക്കാര്‍ ദുരിതത്തിലായി.
താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, പരീക്ഷകള്‍ തുടങ്ങി അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ ഗതാഗത തടസ്സം മുന്‍കൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതര്‍ അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം മൂന്നു വളവുകളിലും സൈഡ് ഭിത്തി കെട്ടി പൊക്കി റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് 37 കോടി രൂപയുടെ പ്രവൃത്തിയാണ് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ചൗധരി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ എടുത്തത്. ഈ വളവുകള്‍ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വസമാകുമെന്നാണ് പ്രതീക്ഷ. നവീകരണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥയില്‍ പറയുന്നത്.
traffic disruption worsens as a lorry gets stuck once again at thamarassery churam, leading to heavy traffic congestion and long delays for commuters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."